ഗുജറാത്തിലെ മോർബി ജില്ലയിൽ കിണർ വെള്ളത്തിൻ്റെ അസാധാരണ ചലനം നാട്ടുകാരിൽ ആശങ്കയും കൗതുകവും സൃഷ്ടിക്കുന്നു. ജില്ലയിലെ വിർപാർദ ഗ്രാമത്തിലുള്ള വലിയ കിണറ്റിലെ വെള്ളമാണ് ഇരുവശത്തേക്കും തുടർച്ചയായി ചലിക്കുന്നത്.
ഈ അപൂർവ പ്രതിഭാസം നേരിട്ട് കാണുന്നതിനായി നിരവധി ഗ്രാമവാസികളാണ് ദിവസേന ഇവിടേക്ക് എത്തിച്ചേരുന്നത്. എന്നാൽ ഈ സംഭവത്തിൻ്റെ യഥാർത്ഥ കാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
പ്രാൺജിവാൻ സദാരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്താണ് 18 അടി താഴ്ചയുള്ള ഈ കിണർ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഓഗസ്റ്റ് രണ്ട് മുതൽക്കാണ് ഈ അപൂർവ പ്രതിഭാസം ആരംഭിച്ചത്.
ഇടയ്ക്ക് ഇത് നിന്നെങ്കിലും, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ കിണറ്റിലെ വെള്ളം വീണ്ടും ഇരുവശത്തേക്കും ചലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. മൂന്നുമാസം മുമ്പാണ് ഈ കിണർ നിർമ്മിച്ചതെന്ന് സ്ഥലത്തിൻ്റെ ഉടമ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഈ കൃഷിസ്ഥലത്തിന് സമീപമുള്ള മറ്റ് കിണറുകളിലെ വെള്ളത്തിൽ ഇത്തരത്തിലുള്ള യാതൊരുവിധ അനക്കവുമില്ല. കിണർ വെള്ളത്തിൻ്റെ അസാധാരണ ചലനം നേരിട്ടു കാണാനും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുമായി സമീപ ഗ്രാമങ്ങളിൽ നിന്നുപോലും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
ഇതിനുപുറമെ, സമീപത്തുള്ള ഹൈവേയിലൂടെ യാത്ര ചെയ്യുന്നവരും വാഹനം നിർത്തി ഈ അപൂർവ കാഴ്ച കാണാനായി തടിച്ചുകൂടുന്നുണ്ട്. പ്രദേശത്ത് മുൻപ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളതിനാൽ, ഇതാകാം ഈ അപൂർവ പ്രതിഭാസത്തിന് കാരണമെന്നാണ് ചില നാട്ടുകാർ ആശങ്കപ്പെടുന്നത്.
എന്നാൽ കിണർ വെള്ളത്തിൻ്റെ ചലനത്തിന് ഭൂചലനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ അധികൃതരുടെ ഔദ്യോഗിക വിശദീകരണം. സ്വാഭാവിക ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
ഈ സംഭവം ഭൂചലനത്തിൻ്റെ മുൻസൂചനയല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് ജെ എസ് വാധേർ വ്യക്തമാക്കി. ശക്തമായ മഴയെ തുടർന്ന് ജലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുകയും, പാറകളുടെ സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറന്തള്ളപ്പെടുകയും ചെയ്യുന്നതാണ് കിണറ്റിലെ ഈ പ്രതിഭാസത്തിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
സംഭവത്തിൽ നാട്ടുകാരുടെ ആശങ്ക പൂർണ്ണമായും അകറ്റുന്നതിനായി അധികൃതർ ഗാന്ധിനഗറിലെ സീസ്മോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹായവും തേടിയിട്ടുണ്ട്. വിദഗ്ധ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഭൂഗർഭ ഗവേഷണ ടീമിനോട് വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

