ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കെഎസ്യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ, പഴയങ്ങാടിയിൽ നടന്ന സമാനമായ ആക്രമണവും വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിനുശേഷം തളിപ്പറമ്പിലേക്ക് മടങ്ങിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്ക് നേരെയാണ് അന്ന് അതിക്രമം ഉണ്ടായത്.
ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നിലവിൽ കോടതിയിൽ വിചാരണ നടപടികൾ തുടരുകയാണ്. ആക്രമണത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിൽ ജില്ലാ സെക്രട്ടറി മഹിത മോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കും പരുക്കേറ്റിരുന്നു. അന്ന് ഈ ആക്രമണത്തെ ന്യായീകരിച്ച് പിണറായി വിജയൻ നടത്തിയ “അത് ജീവൻരക്ഷാപ്രവർത്തനമായിരുന്നു” എന്ന പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സംസ്ഥാനത്ത് ഇത്തരത്തിൽ ‘ജീവൻരക്ഷാ’പ്രവർത്തനത്തിന്റെ പേരിൽ മർദ്ദനത്തിന് ഇരയായ ആദ്യത്തെ സംഘം ഇവർ തന്നെയായിരുന്നു. സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ഇതിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളായ അഞ്ച് പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

