കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട അറുനൂറിലേറെ കുടുംബങ്ങൾക്കുള്ള സർക്കാർ നഷ്ടപരിഹാരം രണ്ടു വർഷം പിന്നിട്ടിട്ടും വിതരണം ചെയ്തില്ല.
വീടുകളും റോഡുകളും തകർന്ന് ദുരിതത്തിലായ ഇവർ, പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ പലതവണ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ 600-ലേറെ പേർക്ക് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലഭിക്കാനുള്ളത് 12 കോടി രൂപയാണ്. കൃഷിനാശം സംഭവിച്ചവരും വീടുകൾ പൂർണമായും ഭാഗികമായും തകർന്നവരും അടക്കമുള്ളവരാണ് സഹായം കാത്തിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, നഷ്ടം സംഭവിച്ചവരുടെ കണക്കുകൾ കളക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷം ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽ നിന്നും ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയില്ല. നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സാധ്യമായില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ വീണ്ടും ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
അതേസമയം, ഫണ്ട് വൈകിയതോടെ പല അടിയന്തര പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇവർക്കും പ്രതിഫലം ലഭിച്ചിട്ടില്ല.
റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, കൃഷിനാശം, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്നും മാറ്റിതാമസിപ്പിച്ചവരുടെ പുനരധിവാസം എന്നിവയ്ക്കായുള്ള തുകയാണ് അടിയന്തരമായി വിതരണം ചെയ്യേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

