പാലക്കാട് ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) അന്തരിച്ചു. മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
ഈ മാസം 13-ാം തീയതി രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. സഹോദരിയെ പിതാവ് വഴക്കുപറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ മകൻ സുനിൽ (35), പിതാവ് മുത്തുവിനെ കൈക്കോട്ട് ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് ആലത്തൂർ പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെയ്ന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് മരുന്നു കഴിക്കുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കി. പരേതനാണ് മുത്തു.
ഭാര്യ: ദൈവാനി. മക്കൾ: സുമിത, സുനിൽ, സുചിത്ര.
മരുമക്കൾ: സുരേഷ്, പാർഥിപൻ. മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളും, പരേതരായ കണ്ടൻ, മണിയൻ എന്നിവർ സഹോദരങ്ങളുമാണ്.

