കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വീടും റോഡും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾ രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ സഹായത്തിനായി കാത്തിരിക്കുന്നു. നിരവധി തവണ പഞ്ചായത്ത് അധികൃതർക്കും ജില്ലാ ഭരണകൂടത്തിനും മന്ത്രിതലത്തിലും പരാതികൾ സമർപ്പിച്ചെങ്കിലും അർഹമായ നഷ്ടപരിഹാരത്തുക ഇതുവരെയും ലഭ്യമായിട്ടില്ല.
ദുരന്തത്തിൽ തകർന്ന വീടുകളും തകരാറിലായ റോഡുകളും ഇന്നും അറ്റകുറ്റപ്പണികൾ നടത്താനാകാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ൽ അധികം പേർക്കായി 12 കോടി രൂപയാണ് സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കാനുള്ളത്.
കൃഷിനാശം സംഭവിച്ചവരും വീടുകൾ പൂർണമായും ഭാഗികമായും തകർന്നവരും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി തുക വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ, നഷ്ടം സംഭവിച്ചവരുടെ കണക്കുകൾ കലക്ടർക്കും സർക്കാരിനും സമർപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനുശേഷം ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക അക്കൗണ്ടുകളിൽ എത്തിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തുക ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതും ഫലം കണ്ടില്ല. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഫണ്ട് വൈകിയതോടെ ചില അടിയന്തര പ്രവൃത്തികൾ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നെങ്കിലും അവർക്കും ഇതുവരെ തുക ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, കന്നുകാലികൾക്ക് നഷ്ടപ്പെട്ടവർക്കുള്ള സഹായം, ദുരിതബാധിതരുടെ പുനരധിവാസം എന്നിവയ്ക്കാണ് പ്രധാനമായും ഫണ്ട് അടിയന്തരമായി ആവശ്യമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

