കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം ഭരണപരമായ വീഴ്ചകളിലോ സംഘടനാപരമായ തകരാറുകളിലോ അല്ലെന്ന നിലപാടുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തി. പാർട്ടി തലത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, പരാജയത്തിന് വ്യത്യസ്തമായ കാരണങ്ങൾ നിരത്തി പ്രതിരോധം തീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
ഇ.കെ. നായനാർ അനുസ്മരണ ചടങ്ങിലാണ് മുതിർന്ന നേതാക്കൾ പരാജയത്തെക്കുറിച്ചുള്ള പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യം വിശദീകരിച്ചത്.
യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ ന്യൂനപക്ഷ വർഗീയതയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു.
“മതം നോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂ, പള്ളിനോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂവെന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചു” എന്ന് അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിലും പേരാവൂരിലും യുഡിഎഫ് വിജയിച്ചത് ബിജെപിയുടെ സ്ട്രാറ്റജിക് വോട്ടുകൾ ലഭിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിന്റെ വളർച്ചയിൽ ഭയന്ന തീവ്രവലതുപക്ഷം എൽഡിഎഫിനെ തകർക്കാൻ ഒന്നിച്ചു പ്രവർത്തിക്കുകയായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും നിരീക്ഷിച്ചു.
അതേസമയം, പത്തു വർഷം ഭരിച്ച സർക്കാർ മാറണമെന്ന പൊതുവികാരമാണ് പരാജയത്തിന് കാരണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാഗേഷിന്റെ നിലപാടിനെ പിന്താങ്ങിയ പിണറായി, ഈ പ്രസ്താവനയെ വർഗീയമായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പിണറായി വിജയന്റെയും പ്രവർത്തനശൈലികൾക്കെതിരെ താഴെത്തട്ടിൽ നിന്ന് വലിയ വിമർശനം ഉയരുമ്പോഴാണ് നേതൃത്വം ഇത്തരം വ്യാഖ്യാനങ്ങളുമായി മുന്നോട്ട് വരുന്നത്.
വരും ദിവസങ്ങളിൽ താഴെത്തട്ടിൽ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനിരിക്കെ, നേതൃത്വത്തിനെതിരായ വിമർശനങ്ങളുടെ മുനയൊടിക്കാനുള്ള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ എൽഡിഎഫിന്റെ വോട്ടിൽ 1.11 ലക്ഷത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവും, പയ്യന്നൂരിൽ ടി.ഐ.
മധുസൂദനന്റെ സ്ഥാനാർഥിത്വവും, പേരാവൂരിൽ കെ.കെ. ശൈലജയെ മത്സരിപ്പിച്ചതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി അണികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്.
പ്രവർത്തകരുടെ വികാരം മാനിക്കാതെ നേതൃത്വം കൈക്കൊണ്ട ഇത്തരം തീരുമാനങ്ങളാണ് പരാജയത്തിന് വഴിയൊരുക്കിയതെന്ന വികാരം പാർട്ടി കേന്ദ്രങ്ങളിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

