ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) ആണ് മകന്റെ ആക്രമണത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മകൻ സുനിലിനെ (35) ആലത്തൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 13-ാം തീയതി രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം നടന്നത്. സഹോദരിയെ പിതാവ് ശാസിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ സുനിൽ കൈക്കോട്ടുകൊണ്ട് മുത്തുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത ആലത്തൂർ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്നയാളാണെന്ന് പോലീസ് അറിയിച്ചു.
മരിച്ച മുത്തുവിന്റെ ഭാര്യ: ദൈവാനി. മക്കൾ: സുമിത, സുനിൽ, സുചിത്ര.
മരുമക്കൾ: സുരേഷ്, പാർഥിപൻ. മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളാണ്.
പരേതരായ കണ്ടൻ, മണിയൻ എന്നിവരും സഹോദരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

