തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വന്ദേമാതരം വിവാദത്തിൽ സി.പി.എം ഉന്നയിച്ച വിമർശനങ്ങൾ ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതായി മുൻ മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സി.പി.എം ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
തങ്ങളുടെ വിമർശനത്തിന്റെ പേരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന കോലം കത്തിക്കലുകൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും മുന്നിൽ പതറില്ലെന്നും, “കോലമല്ല, ശരീരം തന്നെ കത്തിച്ചാലും പിന്നോട്ടില്ലെന്നും” മുഹമ്മദ് റിയാസ് പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷ ധർമ്മവും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനുള്ള കടമയുമാണ് തങ്ങൾ നിറവേറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം പൂർണമായി ആലപിക്കുമെന്ന് അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയോട് വിയോജിപ്പുണ്ടെങ്കിലും നിലവിൽ അത് ചർച്ചയാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വന്ദേമാതരം മുഴുവനായി ആലപിക്കാൻ നിർദ്ദേശം ലഭിച്ചത് രാജ്ഭവനിൽ നിന്നാണെന്നും, വേദിയിൽ വെച്ചാണ് ഇക്കാര്യം അറിഞ്ഞതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വിശദീകരിച്ചിരുന്നു.
യഥാർത്ഥ മതവിശ്വാസികൾ പോലും ആഗ്രഹിക്കുന്ന മതേതര നിലപാടാണ് സി.പി.എം ഉയർത്തിപ്പിടിക്കുന്നതെന്ന് റിയാസ് ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

