പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി ആവിഷ്കരിച്ച മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി അവതാളത്തിൽ.
വൻ തുക ചെലവഴിച്ച് പഞ്ചായത്തുകൾ സംഭരിച്ച ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ് നശിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. സ്ത്രീകൾക്ക് നൂറുശതമാനം സബ്സിഡി നിരക്കിൽ ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭ എന്നിവയുടെ ഏകോപനത്തോടെ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പ്രകാരമാണ് മെൻസ്ട്രൽ കപ്പുകൾ സബ് സെന്ററുകളിൽ എത്തിച്ചത്. ബോധവൽക്കരണ ക്ലാസുകൾക്ക് ശേഷം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനായിരുന്നു നിർദേശമെങ്കിലും, മിക്കയിടത്തും ബോധവൽക്കരണം കാര്യക്ഷമമല്ലാത്തത് വിതരണത്തെ സാരമായി ബാധിച്ചു.
ഇതോടെ പലയിടത്തും പദ്ധതി പൂർണമായും നിലച്ച അവസ്ഥയിലാണ്. പദ്ധതി നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകൾ ലഭ്യമായ കണക്കുകളിൽ നിന്ന് വ്യക്തമാണ്.
നാരങ്ങാനം പഞ്ചായത്തിൽ 3.44 ലക്ഷം രൂപ മുടക്കി വാങ്ങിയ 1150 മെൻസ്ട്രൽ കപ്പുകളിൽ 205 എണ്ണം മാത്രമാണ് ഗുണഭോക്താക്കളിൽ എത്തിയത്. ബാക്കി 945 എണ്ണം ഹെൽത്ത് സെന്ററുകളിൽ കെട്ടിക്കിടക്കുകയാണ്.
പന്തളം തെക്കേക്കര പഞ്ചായത്താകട്ടെ, ഒരു ലക്ഷം രൂപ ചിലവഴിച്ച് 333 കപ്പുകൾ വാങ്ങിയെങ്കിലും ഗുണഭോക്താക്കളെ കണ്ടെത്താനാവാതെ ഒരെണ്ണം പോലും വിതരണം ചെയ്യാൻ സാധിച്ചില്ല. കോന്നി പഞ്ചായത്തിൽ 52 കപ്പുകൾ വിതരണം ചെയ്യപ്പെടാതെ കിടക്കുന്നു.
കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപ ചെലവിൽ വാങ്ങിയ 985 എണ്ണത്തിൽ 23 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട
57 പേർക്ക് പോലും കപ്പുകൾ എത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. കുറ്റൂർ പഞ്ചായത്തിൽ 4.26 ലക്ഷം രൂപയ്ക്ക് വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണം ഇപ്പോഴും സ്റ്റോക്കിലുണ്ട്.
പരിസ്ഥിതി സൗഹൃദവും സാമ്പത്തിക ലാഭവും ഉറപ്പാക്കുന്ന മെൻസ്ട്രൽ കപ്പുകൾ ആർത്തവ കാലയളവിൽ സ്ത്രീകൾക്ക് വലിയ തോതിൽ ആശ്വാസം നൽകുന്നവയാണ്. സ്മോൾ, മീഡിയം, ലാർജ് എന്നീ അളവുകളിൽ ലഭ്യമാകുന്ന ഇവ വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കും.
ആശാ പ്രവർത്തകരെയും കുടുംബശ്രീ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് ശക്തമായ ബോധവൽക്കരണം നടത്തിയാൽ മാത്രമേ പദ്ധതിയുടെ പ്രയോജനം ജനങ്ങളിലേക്ക് പൂർണമായും എത്തുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

