കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടുകളും റോഡുകളും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾക്ക് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ ധനസഹായം ലഭിച്ചില്ല. പഞ്ചായത്ത് അധികൃതർ, ജില്ലാ ഭരണകൂടം, വിവിധ മന്ത്രിതല ഓഫീസുകൾ എന്നിവിടങ്ങളിൽ പലതവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്യാനുള്ളത്.
കൃഷിനാശം സംഭവിച്ചവരും വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നവരുമായ ആളുകൾ വലിയ പ്രതീക്ഷയിലാണ് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തുക വിതരണം ചെയ്യുന്നതിനായുള്ള പ്രാഥമിക നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ നഷ്ടം നേരിട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് ജില്ലാ കലക്ടർക്കും സർക്കാരിനും സമർപ്പിക്കുകയുണ്ടായി. തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും, തുക ഇതുവരെയും ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും പാഴായി. തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ഫണ്ട് വൈകുന്നത് റോഡ് പുനർനിർമ്മാണം ഉൾപ്പെടെയുള്ള അടിയന്തര പ്രവൃത്തികളെയും ബാധിച്ചിട്ടുണ്ട്. കരാറുകാർ സ്വന്തം നിലയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇവർക്കും പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല.
വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയവയ്ക്കും ഈ ഫണ്ട് അത്യന്താപേക്ഷിതമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

