തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട വന്ദേമാതരം വിവാദത്തിൽ സിപിഎം ഉന്നയിച്ച വിമർശനങ്ങൾ ശരിയാണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതായി മുൻ മന്ത്രി മുഹമ്മദ് റിയാസ്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമായാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതെന്ന് പാർട്ടി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിലപാട് ശരിയാണെന്ന് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ ബിജെപിയുടെ നേതൃത്വത്തിൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും നടന്നിരുന്നു. എന്നാൽ ഇത്തരം ഭീഷണികളിൽ തളരില്ലെന്നും, “വിമർശനത്തിന്റെ പേരിൽ കോലമല്ല, ശരീരം തന്നെ കത്തിച്ചാലും പിന്നോട്ടില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.” ക്രിയാത്മകമായ പ്രതിപക്ഷ ധർമ്മവും മതനിരപേക്ഷത സംരക്ഷിക്കാനുള്ള കടമയുമാണ് പാർട്ടി നിർവ്വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം മുഴുവനായും ആലപിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തോട് വിയോജിപ്പുണ്ടെങ്കിലും, പുതിയ സർക്കാർ എന്ന നിലയിൽ നിലവിൽ അത് ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചത് രാജ്ഭവൻ നിർദ്ദേശപ്രകാരമാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം.
ചടങ്ങിൽ വെച്ചാണ് ഇത് സംബന്ധിച്ച വിവരം താൻ അറിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

