പുരാതന ഫോസിൽ തേടിയിറങ്ങിയ ആറുവയസ്സുകാരന് ലഭിച്ചത് പതിറ്റാണ്ടുകളായി സംസ്ഥാനത്ത് കണ്ടെത്താത്ത അപൂർവ സമുദ്രജീവിയുടെ ഫോസിൽ. അമേരിക്കയിലെ നെബ്രാസ്കയിലുള്ള ലിയോ യങ്ഡാൽ എന്ന ബാലനാണ് 200 ദശലക്ഷം മുതൽ 500 ദശലക്ഷം വർഷം വരെ പഴക്കമുള്ളതായി കണക്കാക്കുന്ന പുരാതന സമുദ്രജീവിയുടെ ഫോസിൽ കണ്ടെത്തിയത്.
നെബ്രാസ്കയിലെ ഗ്രെറ്റ്നയ്ക്ക് സമീപമുള്ള ഷ്രാം പാർക്ക് സ്റ്റേറ്റ് റിക്രിയേഷൻ ഏരിയയിൽ വേനൽക്കാലത്തിന്റെ അവസാനഘട്ടത്തിൽ സംഘടിപ്പിച്ച ‘റാഫ്റ്റിങ് ആൻഡ് റോക്ക്സ്’ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കുട്ടിയുടെ ഈ ചരിത്രപരമായ കണ്ടെത്തൽ. സാധാരണയായി സസ്യങ്ങളെപ്പോലെ തോന്നുന്ന ക്രിനോയിഡ് ഫോസിലുകൾ തിരയുകയായിരുന്നു ലിയോ.
ഇതിനിടെ വലിയൊരു കല്ല് മറിച്ച് നോക്കിയപ്പോൾ അടിഭാഗത്ത് പാമ്പിന്റെ വയറിലെ ചെതുമ്പലുകളോട് സാമ്യമുള്ള വിചിത്രമായ അടയാളം അവന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഈ കല്ല് ഷ്രാം വിദ്യാഭ്യാസ കേന്ദ്രത്തിലെ ഔട്ട്ഡോർ എജ്യുക്കേഷൻ സ്പെഷ്യലിസ്റ്റായ കെല്ലി എക്യൂവിനെ കുട്ടി കാണിച്ചു.
തുടർപരിശോധനയ്ക്കായി ചിത്രങ്ങൾ വിദഗ്ധർക്ക് കൈമാറുകയും ചെയ്തു. നെബ്രാസ്ക സർവകലാശാലാ സ്റ്റേറ്റ് മ്യൂസിയത്തിലെ പാലിയന്റോളജിസ്റ്റ് ഷെയ്ൻ ടക്കറും ജിയോളജിസ്റ്റ് ബോബ് ഡിഫെൻഡലും ഉൾപ്പെടെയുള്ള വിദഗ്ധർ ഇത് പരിശോധിച്ചശേഷം ‘കോണുലാരിഡ്’ എന്ന പുരാതന സമുദ്രജീവിയുടെ ഫോസിലാണെന്ന് ഔദ്യോഗികമായി തിരിച്ചറിഞ്ഞു.
തലകീഴായ പിരമിഡിന്റെ ആകൃതിയുള്ള ഈ ജീവിക്ക് ഏകദേശം 2.75 ഇഞ്ച് നീളമുണ്ട്. ഫോസിലിൽ കാണുന്ന പ്രത്യേക ഹെറിങ്ബോൺ മാതൃകയിലുള്ള അടയാളങ്ങളാണ് ഇത് തിരിച്ചറിയാൻ വിദഗ്ധരെ സഹായിച്ചത്.
ജെല്ലിഫിഷിനോട് സാമ്യമുള്ള ശരീരവും തലകീഴായ പിരമിഡിന്റെ ആകൃതിയുമുള്ള ജീവിയായിരുന്നു കോണുലാരിഡ്. മൃദുവായ ശരീരവും നേർത്ത അസ്ഥികൂടവും കാരണം ഇത്തരം ഫോസിലുകൾ വളരെ അപൂർവമായാണ് സംരക്ഷിക്കപ്പെടാറുള്ളത് എന്ന് ഈ രംഗത്തെ വിദഗ്ദർ വ്യക്തമാക്കുന്നു.
നെബ്രാസ്കയിൽ ഇതിന് മുമ്പ് കണ്ടെത്തിയതായി അറിയപ്പെടുന്ന സമാന ഫോസിലുകൾ 55 വർഷത്തിലേറെ മുമ്പാണ് ലഭിച്ചിട്ടുള്ളത്. ലിയോയുടെ ഈ വലിയ കണ്ടെത്തൽ ഷ്രാം പാർക്കിൽ വിദ്യാഭ്യാസ പരിപാടികൾക്കായി പൊതുജനങ്ങൾക്കായി സൂക്ഷിക്കും.
തന്റെ ആദ്യത്തെ സമ്പൂർണ ഫോസിൽ ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കൊച്ചുകുട്ടിവീട്ടുകാരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

