മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫ് നേരെ നടന്ന വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പിടികൂടി. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവെ രാജസ്ഥാനിലെ കോട്ടയിൽ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
ടൈഗർ ഷ്റോഫിനെ വധിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. അക്രമികളിൽ നിന്ന് തലനാരിഴയ്ക്കാണ് നടൻ രക്ഷപ്പെട്ടത്.
സംഭവദിവസം ആറ് റൗണ്ട് വെടിയുതിർത്തെങ്കിലും, പോയിന്റ് ബ്ലാങ്കിൽ നിറയൊഴിക്കും മുൻപ് തോക്ക് തകരാറിലായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ മുംബൈ ജുഹുവിലെ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു ടൈഗർ ഷ്റോഫ്.
വഴിയിൽ കാത്തുനിന്ന രണ്ടുപേർ മുന്നിൽ നിന്നും വശങ്ങളിൽ നിന്നും നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ നടന്റെ ഡ്രൈവർ ഫിർദോസിനും ഒരു ഓട്ടോ റിക്ഷാ ഡ്രൈവർക്കും വെടിയേറ്റു.
ഏകദേശം 45 മിനുറ്റോളമാണ് പ്രതികൾ ഗ്രൗണ്ടിന് പുറത്ത് കാത്തുനിന്നത്. ആക്രമണത്തിന് ശേഷം ഉടൻ തന്നെ ബൈക്കിൽ അന്ധേരിയിലേക്ക് കടന്ന പ്രതികൾ, അവിടെ ബൈക്ക് ഉപേക്ഷിച്ച ശേഷം ബോറിവലിയിലേക്കും തുടർന്ന് സൂറത്തിലേക്കും ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നു.
ഈ സമയത്ത് മുംബൈ പോലീസിന്റെ 15 സംഘങ്ങൾ പ്രതികൾക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികൾ പൂനെ – ജയ്പൂർ എക്സ്പ്രസിൽ രാജസ്ഥാനിലേക്ക് നീങ്ങുന്നതായി പോലീസിന് കൃത്യമായ വിവരം ലഭിച്ചു.
തുടർന്ന് രാവിലെ 10 മണിയോടെ കോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ മൂന്ന് പേരെയും രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു.
ബിഹാർ സ്വദേശി ഹൃതിക്, ഹരിയാന സ്വദേശി രേഹൻ, ഒരു പതിനേഴുകാരൻ എന്നിവരാണ് പിടിയിലായത്. ട്രെയിനിൽ ജയ്പൂരിലേക്കും പിന്നീട് ബസ് മാർഗം ദില്ലി വഴി നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.
കൃത്യം നിർവഹിക്കുന്നതിനായി മൂവരും 50,000 രൂപ വീതം മുൻകൂട്ടി കൈപ്പറ്റിയിരുന്നു. രണ്ടാഴ്ച്ച മുൻപ് മുംബൈയിലെത്തിയ പ്രതികൾ 10 ദിവസത്തോളം ടൈഗർ ഷ്റോഫിനെ നിരീക്ഷിച്ചിരുന്നു.
നടന്റെ വീടും സ്ഥിരമായി പോകുന്ന ജിമ്മും ഫുട്ബോൾ ഗ്രൗണ്ടും ഇവർ നിരീക്ഷണ വലയത്തിലാക്കി. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും പാപ്പരാസി വീഡിയോകളും വിലയിരുത്തിയ ശേഷമാണ് ജുഹുവിലെ പുഷ്പ നർസി പാർക്ക് ആക്രമണത്തിനായി ഇവർ തെരഞ്ഞെടുത്തത്.
അനിൽ പണ്ഡിറ്റ് എന്നയാളുടെ അക്കൗണ്ടിലൂടെ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ടൈഗർ ഷ്റോഫ് സൽമാൻ ഖാനൊപ്പം പ്രവർത്തിച്ചുവെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നുമായിരുന്നു സന്ദേശം.
പ്രതികൾ പിടിയിലായെങ്കിലും മുംബൈയിൽ ഇനിയും ഷൂട്ടർമാരുണ്ടെന്നും വധഭീഷണിയുള്ളതായും റിപ്പോർട്ടുകളുണ്ട്. പ്രതികളെ മുംബൈയിലെത്തിച്ച ശേഷം ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

