ന്യൂഡൽഹിയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ സംശയാസ്പദമായ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ച യാത്രികനെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. സുരക്ഷാ ജീവനക്കാരുടെ ജാഗ്രതയോടെയുള്ള ഇടപെടൽ മൂലം വൻ സുരക്ഷാ വീഴ്ചയാണ് ഒഴിവാക്കാനായത്.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
മെട്രോ സ്റ്റേഷനിലെ സുരക്ഷാ പരിശോധനാ കൗണ്ടറിലെത്തിയ പ്രതി, തന്റെ പക്കലുണ്ടായിരുന്ന ബാഗ് എക്സ്റേ സ്കാനിങ്ങിനായി വെക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കാനിംഗ് പരിശോധനയ്ക്കിടെ ബാഗിനുള്ളിൽ കട്ടി കൂടിയ അസ്വാഭാവികമായ വസ്തുവിന്റെ സാന്നിധ്യം സ്ക്രീനിൽ തെളിയുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ബ്രൗൺ ടി ഷർട്ടും കടും നീല ജീൻസും ധരിച്ചെത്തിയ ഇയാൾ, ഫോണിൽ സംസാരിച്ചുകൊണ്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആളൊഴിഞ്ഞ വനിതാ സുരക്ഷാ പരിശോധനാ കവാടത്തിന് അടുത്തേക്ക് നീങ്ങുകയായിരുന്നു. ഈ സമയം മറ്റ് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ മറ്റു യാത്രക്കാരുടെ പരിശോധനകളിൽ വ്യാപൃതരായിരുന്നു.
പെട്ടെന്ന് തന്റെ ബാഗുമായി സ്ത്രീകളുടെ പരിശോധനാ ഭാഗത്തിലൂടെ ഒന്നാം നമ്പർ എക്സിറ്റ് ഗേറ്റിലേക്ക് ഇയാൾ അതിവേഗം ഓടുകയായിരുന്നു. എസ്കലേറ്റർ വഴി സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളുടെ നീക്കം ശ്രദ്ധയിൽപ്പെട്ട
ഒരു സിഐഎസ്എഫ് ജവാൻ ഉടൻ തന്നെ സമീപത്തെ കോണിപ്പടികൾ ഓടിക്കയറി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇയാളെ തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, ഇയാളുടെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ തിരിച്ചറിയാത്ത അർദ്ധഖര രൂപത്തിലുള്ള വസ്തു കണ്ടെത്തുകയുണ്ടായി. താൻ ക്വാലാലംപൂരിൽ താമസിക്കുന്ന പ്രവാസിയാണെന്ന് അവകാശപ്പെട്ട
ഇയാളെയും കണ്ടെടുത്ത വസ്തുക്കളും തുടർ അന്വേഷണങ്ങൾക്കായി പൊലീസിന് കൈമാറിയതായി സിഐഎസ്എഫ് എക്സിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

