കൂടത്തിൽ തറവാട്ടിലെ ജയമാധവൻനായർ വിവാഹം കഴിക്കാൻ തീരുമാനമെടുത്തതും, അതോടെ താൻ നിർമിച്ച വ്യാജ വിൽപത്രം അസാധുവാകുമെന്ന ഭയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. വർഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരുന്ന ക്രൂരതയുടെ ചുരുളഴിയുന്നത് 2017 ഏപ്രിൽ രണ്ട് പുലർച്ചെ നടന്ന സംഭവങ്ങളിലൂടെയാണ്.
കേസിൽ മുഖ്യപ്രതിയായ രവീന്ദ്രൻനായർ നിലവിൽ റിമാൻഡിലാണ്. കൂട്ടുപ്രതികളിൽ ഒരാളായ അനിൽകുമാർ 3 വർഷം മുൻപ് മരണപ്പെട്ടിരുന്നു.
മറ്റൊരു പ്രതിയായ സാജു വിദേശത്തേക്ക് കടന്നതായാണ് വിവരം, ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. 2017 ഏപ്രിൽ ഒന്നിന് രാത്രി എട്ടുമണിയോടെ കാലടി ഉമാമന്ദിരം വീട്ടിലെത്തിയ രവീന്ദ്രൻനായർ, തന്റെ സുഹൃത്തുക്കളായ അനിൽകുമാർ, സാജു എന്നിവരെയും അവിടെക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ജയമാധവൻനായരോട് വിവാഹാലോചനകളിൽ നിന്നും പൂർണ്ണമായി പിൻമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അദ്ദേഹം ശക്തമായി എതിർത്തു.
ഇതിൽ പ്രകോപിതനായ രവീന്ദ്രൻനായർ ജയമാധവൻനായരുടെ തല പിടിച്ച് മുറിയുടെ ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു. തുടർന്ന് വേദനകൊണ്ട് നിലവിളിച്ച അദ്ദേഹത്തിന്റെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ അനിലിന്റെയും സാജുവിന്റെയും സഹായത്തോടെ കട്ടിലിൽ പിടിച്ചു കിടത്തി മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ.ഐ.ഷാജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം സ്ഥലത്തുതന്നെ തുടർന്ന പ്രതികൾ, 2017 ഏപ്രിൽ രണ്ട് രാവിലെ ജയമാധവൻനായരുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കരമന പൊലീസ് സ്റ്റേഷനിലെത്തിയ രവീന്ദ്രൻനായർ പൊലീസിനെ കബളിപ്പിക്കാനായി കള്ളമൊഴിയും നൽകി.
ഏപ്രിൽ ഒന്നിന് രാത്രി പത്തുമണിവരെ ജയമാധവൻനായരുമായി സംസാരിച്ചിരുന്നതായും, പിറ്റേന്നു രാവിലെ ഏഴുമണിക്ക് പതിവുപോലെ എത്തിയപ്പോൾ ഹാളിലെ വാതിലിനു സമീപം അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നുമാണ് രവീന്ദ്രൻനായർ മൊഴി നൽകിയത്. തുടർന്ന് താനും വീട്ടുജോലിക്കാരിയും ചേർന്ന് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചെന്ന പ്രതിയുടെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് അന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ജയമാധവൻനായരെ വർഷങ്ങളായി താനാണ് സഹായിച്ചിരുന്നതെന്നും, അപസ്മാരം മൂലമോ രക്തസമ്മർദം കുറഞ്ഞതുമൂലമോ ഉണ്ടായ വീഴ്ചയിലാവാം പരുക്കേറ്റതെന്നും രവീന്ദ്രൻനായർ അന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി സംസ്കാര ചടങ്ങുകൾ നടത്തിയതും രവീന്ദ്രൻനായർ തന്നെയാണ്.
എന്നാൽ ജയമാധവൻനായരുടെ സഹായി മാത്രമായിരുന്ന രവീന്ദ്രൻനായർ പിന്നീട് സ്വത്തിന്റെ അവകാശം ഉന്നയിച്ച് രംഗത്തുവന്നതോടെ ബന്ധുക്കൾക്കിടയിൽ ശക്തമായ സംശയം ഉടലെടുക്കുകയായിരുന്നു. ഈ വഴിത്തിരിവാണ് കേസിൽ നിർണായക അന്വേഷണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

