പൊതുനിരത്തുകളിൽ മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ച രണ്ട് യുവാക്കളെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. സാഹസികമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതരുടെ നടപടി.
തുടർന്ന് സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.
കൃത്യത്തിനായി ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലേക്ക് അയക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
റോഡുകളിൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ തുടരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് കർശന മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

