മുംബൈയിലെ ഗോരേഗാവ് മേഖലയിൽ ഞെട്ടിക്കുന്ന കൊലപാതകം. ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയലത്തെ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നും എറിഞ്ഞ് കൊലപ്പെടുത്തി.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആറാം നിലയിൽനിന്നും കുഞ്ഞ് താഴേക്ക് പതിച്ചത്. ഈ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കുഞ്ഞിനെ താഴേക്ക് എറിഞ്ഞതിനു ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് വേഗത്തിൽ ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും അമ്മയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരികയാണ്.
ഒക്ടോബർ ഒന്നാം തീയതിയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഈ ഫ്ലാറ്റിൽ താമസത്തിനായി എത്തിയത്.
എന്നാൽ, ഇരു കുടുംബങ്ങളും തമ്മിൽ വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട് മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം, കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെൺകുട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും പ്രാഥമിക റിപ്പോർട്ടുകളുണ്ട്.
കൂടാതെ, കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചതായും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്.
വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

