തലസ്ഥാന നഗരിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന, 167 വർഷത്തിലേറെ പഴക്കമുള്ള മൃഗശാല വനമേഖലയോട് ചേർന്നുള്ള പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നഗരമധ്യത്തിൽ നിന്ന് മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇടതുപക്ഷ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ജനസാന്ദ്രതയേറിയ നഗരത്തിനുള്ളിൽ വന്യമൃഗങ്ങളെ പാർപ്പിക്കുന്നത് അവയോടുള്ള ക്രൂരതയാണെന്ന നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിലവിലെ മൃഗശാല മാറ്റി ആ സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ പാർക്ക് മാതൃകയിൽ ഹരിത ഇടമാക്കി മാറ്റണമെന്ന നിർദ്ദേശവും ഉയർന്നിരുന്നു.
എന്നാൽ, മൃഗശാല നിലവിലുള്ള ഭൂമിയിൽ തന്നെ ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരുക്കി നിലനിർത്തണമെന്നാവശ്യപ്പെട്ട് വിപുലമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി നഗരത്തിലെ സത്യൻ മെമ്മോറിയൽ ഹാളിൽ ചേർന്ന സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരുടെ യോഗത്തിൽ ‘തിരുവനന്തപുരം മൃഗശാല സംരക്ഷണ സമിതി’ രൂപീകരിച്ചു.
പ്രശസ്ത മാധ്യമപ്രവർത്തകനും അവതാരകനുമായ ജി.എസ് പ്രദീപ് യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വട്ടിയൂർക്കാവ് മുൻ എംഎൽഎ വി.കെ പ്രശാന്ത്, മുൻ എംപി അഡ്വ.
എ. സമ്പത്ത്, കൗൺസിലർ അഡ്വ.
എസ്.പി. ദീപക്, നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, മൃഗശാല മുൻ ഡയറക്ടർ ഡോ.
ഉദയവർമ്മൻ, കലാകാരൻ ജോബി, ഡോ. ഷിറാസ് എന്നിവർ പ്രസംഗിച്ചു.
സമര പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ ജനറൽ ബോഡിയെയും യോഗത്തിൽ തിരഞ്ഞെടുത്തു. മൃഗശാല നിലനിർത്തണമെന്നാവശ്യപ്പെട്ട് നഗരവാസികളിൽ നിന്നും സന്ദർശകരിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് സർക്കാരിന് ഭീമ ഹർജി സമർപ്പിക്കാനാണ് സമിതിയുടെ തീരുമാനം.
വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

