കേരളത്തിലെ ആധുനിക ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവും പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനുമായ പ്രൊഫ. ഡോ.
ജി. വിജയരാഘവൻ അന്തരിച്ചു.
ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി എന്ന നിലയിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. 1970കളുടെ അവസാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് ഹൃദ്രോഗ നിർണ്ണയം നടത്തുകയും ചെയ്ത മുൻനിര വിദഗ്ദ്ധരിൽ ഒരാളായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് കിംസ് ഹെൽത്ത് ആശുപത്രിയുടെ വൈസ് ചെയർമാനും കാർഡിയോളജി വിഭാഗം മേധാവിയുമായി പ്രവർത്തിച്ചു വരികയായിരുന്നു.
സ്വകാര്യ മേഖലയിൽ അത്യാധുനിക ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ഇതുകൂടാതെ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, മറ്റ് അന്താരാഷ്ട്ര മെഡിക്കൽ സംഘടനകൾ എന്നിവയിൽ നിന്ന് നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

