വയനാട്ടിൽ അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എക്സൈസ് സംഘത്തിന് കോടതി അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധിയാണ് അവസാനിക്കുന്നത്.
കസ്റ്റഡിയിൽ വാങ്ങി വാഴവറ്റയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും, വീടിന്റെ ഉടമസ്ഥാവകാശം ആന്റോ അഗസ്റ്റിൻ പൂർണ്ണമായും നിഷേധിച്ചിരുന്നു. നാല് മണിക്കൂർ നീണ്ടുനിന്ന തെളിവെടുപ്പ് നടപടികൾക്ക് ശേഷം അദ്ദേഹത്തെ മീനങ്ങാടി എക്സൈസ് ഓഫീസിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതിയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റാനാണ് സാധ്യത. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്തുക, ഇത് എത്തിച്ചതിലും സൂക്ഷിച്ചതിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കുക, വ്യാജ മദ്യം നിർമ്മിക്കാനുള്ള സാധനസാമഗ്രികൾ എവിടെനിന്നാണ് ലഭിച്ചത് തുടങ്ങിയ നിർണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ മദ്യം പിടിച്ചെടുത്ത സ്ഥലത്ത് സമാന്തര ബാർ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നോ എന്ന സംശയവും എക്സൈസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മദ്യം അവിടെ എങ്ങനെ എത്തിയെന്നോ കെട്ടിടത്തിലെ മുറികളെക്കുറിച്ചോ യാതൊരു വിവരവുമില്ലെന്നാണ് തെളിവെടുപ്പ് വേളയിലും ആന്റോ അഗസ്റ്റിൻ അന്വേഷണ സംഘത്തിന് നൽകിയ മറുപടി.
എങ്കിലും കെട്ടിടം പ്രതിയുടേത് തന്നെയാണെന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കേസ് ഹൈക്കോടതി വരുന്ന ചൊവ്വാഴ്ച പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

