റിയാദ് നഗരത്തിലെ രണ്ട് പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി നേതൃത്വം അറിയിച്ചു. തലസ്ഥാനത്തെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യാൻബുവിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള നിലവിലുള്ള സംഘർഷത്തിനിടയിലാണ് സൗദി തലസ്ഥാനമായ റിയാദ് ഇന്നലെ ആക്രമിക്കപ്പെട്ടത്. വിമാനത്താവളത്തിന് സമീപം വലിയ സ്ഫോടനം നടന്നതായി രാജ്യാന്തര വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നു.
സ്ഫോടനം നടന്ന പരിസരങ്ങളിൽ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ടെങ്കിലും ഇതുവരെ സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ഇന്നലെ പുലർച്ചെ രണ്ട് തവണയാണ് റിയാദിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഉഗ്രമായ സ്ഫോടന ശബ്ദം കേൾക്കുകയുണ്ടായി. തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് പിൻവലിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ ലഭ്യമായി.
നിയം മേഖല കടുത്ത വ്യോമാക്രമണ ഭീഷണിയിലാണെന്നും ആരും തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങരുതെന്നുമുള്ള ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു. റിയാദ്, അൽ ഖർജ് എന്നീ പ്രദേശങ്ങളിലാണ് ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയത്.
അതേസമയം, തെക്കൻ യെമനിൽ സൗദി പിന്തുണയോടെ പ്രവർത്തിക്കുന്ന യെമൻ സേനയും ഹൂതികളും തമ്മിൽ നടന്ന കനത്ത പോരാട്ടത്തിൽ 48 പേർ കൊല്ലപ്പെട്ടു. ഇതിൽ 17 പേർ യെമൻ സേനാംഗങ്ങളും 31 പേർ ഹൂതി വിമതരുമാണ്.
യെമൻ തലസ്ഥാനമായ സനായിൽ വ്യോമാക്രമണം നടത്താനുള്ള സൗദിയുടെ നീക്കം തകർത്തതായി ഹൂതികൾ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സൗദി അറേബ്യയ്ക്ക് നേരെ ഈ ആക്രമണങ്ങൾ ഉണ്ടായത്. സൗദിക്കെതിരെ ഹൂതികൾ തുടരുന്ന ഇത്തരം ആക്രമണങ്ങളെ യുഎൻ സുരക്ഷാ സമിതി ശക്തമായി അപലപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

