കാസർകോട് ജില്ലയിലെ ബോവിക്കാനത്ത് അപൂർവ്വ കാഴ്ചയായി ചൂളൻ എരണ്ടകളും കുഞ്ഞുങ്ങളും നാട്ടിലിറങ്ങി. ബോവിക്കാനത്തെ ഭരണി അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടുമുറ്റത്താണ് പക്ഷിക്കൂട്ടം എത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് രണ്ട് വലിയ ചൂളൻ എരണ്ടകളും 11 കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം ഇവിടെയെത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ വീട്ടുകാർ ഇവയ്ക്ക് ഗോതമ്പ് മണികൾ ഇട്ടുകൊടുത്തു.
കൂട്ടത്തിലെ ആൺപക്ഷി ഇടയ്ക്ക് പറന്നുപോകുമെങ്കിലും പിന്നീട് തിരികെ എത്താറുണ്ട്. കൂടാതെ, വീട്ടുകാർ വെള്ളം നിറച്ചു നൽകിയ പാത്രത്തിൽ അമ്മ പക്ഷിയും കുഞ്ഞുങ്ങളും നീന്തിത്തുടിക്കുകയും ചെയ്തു.
സാധാരണയായി ജലാശയങ്ങൾക്കും പാടശേഖരങ്ങൾക്കും സമീപത്തായി കണ്ടുവരുന്ന എരണ്ടകളുടെ ഈ വരവ് നാട്ടുകാരിൽ കൗതുകം ഉണർത്തിയിട്ടുണ്ട്. ജലാശയങ്ങൾക്ക് സമീപമുള്ള തെങ്ങിന്റെ പൊത്തുകളിലാണ് ഇവ സാധാരണയായി മുട്ടയിടാറുള്ളത്.
എന്നാൽ മഴക്കാലത്ത് ചെങ്കൽപ്രദേശങ്ങളിലെ പള്ളങ്ങൾക്കു സമീപവും ഇവ താമസിക്കാറുണ്ട്. ബോവിക്കാനത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പള്ളങ്ങൾ ഒട്ടേറെയുണ്ട്.
മുട്ടയിട്ട തെങ്ങിന് കേടുപാടുകൾ സംഭവിച്ചതാകാം ഇവ നാട്ടിലിറങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൂടാതെ, തെരുവുനായ്ക്കളെ ഭയന്ന് പക്ഷികൾ സുരക്ഷിതം തേടി വീട്ടിലേക്കു കയറിയതാകാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

