മെഡിറ്ററേനിയൻ മേഖലയിലൂടെയുള്ള യാത്രാവേളയിൽ യാത്രക്കാർക്ക് അങ്ങേയറ്റം ഭയപ്പാടിലായ നിമിഷങ്ങൾ. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിമാനം പെട്ടെന്നു താഴേക്ക് ഊർന്നുവീണതോടെ യാത്രികർ നിലവിളിക്കുകയും ദൈവത്തെ പ്രാർഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ടർക്കിഷ് എയർലൈൻസ് സർവീസായ TK 661 വിമാനമാണ് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലെ കാർത്തേജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ശക്തമായ ആകാശച്ചുഴിയിൽ പെട്ട് അപകടാവസ്ഥയിലായത്. വിമാനത്തിലുണ്ടായിരുന്ന മരീന മൈസ്കായ എന്ന യാത്രിക സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളിലൂടെയാണ് ഈ ഭയാനകമായ വിവരങ്ങൾ പുറത്തറിയുന്നത്.
ശക്തമായ കുലുക്കത്തിൽ വിമാനം ആടിയുലയുമ്പോൾ യാത്രക്കാർ സീറ്റുകളിൽ മുറുകെപ്പിടിക്കുന്നതും, കൂട്ടക്കരച്ചിലിനിടയിൽ “നമ്മൾ മരിക്കാൻ പോവുകയാണ്” എന്ന് ഒരാൾ ആവർത്തിച്ചു പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റൺവേയിൽ വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റ് മൂന്ന് തവണ ശ്രമിച്ചെങ്കിലും ഓരോ തവണയും കനത്ത പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു.
മൂന്നാമത്തെ ശ്രമത്തിൽ വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് കൂപ്പുകുത്താൻ തുടങ്ങി. നാലാം തവണയും വിമാനം ഇറക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയിൽ, “വേണ്ട, ഞങ്ങളെ വേറെ ഏതെങ്കിലും രാജ്യത്തോ മറ്റൊരു വിമാനത്താവളത്തിലോ എത്തിക്കൂ” എന്ന് യാത്രക്കാർ ഭയന്നുവിറച്ച് ഒരുപോലെ നിലവിളിക്കുകയായിരുന്നു.
തുടർന്ന് ടുണിസ് കാർത്തേജ് വിമാനത്താവളത്തിൽനിന്നും 60 മൈൽ തെക്കുള്ള എൻഫിദ-ഹമാമെറ്റ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഇവിടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.
തങ്ങൾ സുരക്ഷിതമായി തിരിച്ചെത്തിയെന്നും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലായിരിക്കാം ഇതിന് കാരണമെന്നും മരീന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

