കൊല്ലം ബൈപാസ് റോഡിൽ കല്ലുംതാഴത്തെ ഉയരപ്പാത ഇതുവരെ തുറന്നു കൊടുക്കാത്തതിൽ വ്യാപക പ്രതിഷേധം. മാസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതയാത്രയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കോർപറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
അറുനൂറ്റിമംഗലം ഡിവിഷൻ കൗൺസിലർ ടി.ജി.ഗിരീഷ് അധ്യക്ഷത വഹിച്ച സമരത്തിൽ കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ബാബു, കൗൺസിലർമാരായ എ.എം.റാഫി, മോൻസി ദാസ്, അജീന പ്രശാന്ത്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കരാർ കമ്പനിക്കാരുടെ അലംഭാവമാണ് റോഡ് നിർമാണം വൈകാൻ കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കഴിഞ്ഞ 6 മാസമായി ബൈപാസ് റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. കല്ലുംതാഴം റെയിൽവേ പാളത്തിന് മുകളിൽ ആർച്ച് പാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കല്ലുതാഴം ബൈപാസ് റോഡ് 6 മാസം മുൻപ് അടച്ചത്.
ആർച്ച് പാലം സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ നിർമാണമാണ് ഇപ്പോഴും അനന്തമായി നീളുന്നത്. ഇരുഭാഗത്തെയും സർവീസ് റോഡുകളുടെ നിർമാണവും ഇതുവരെ നടന്നിട്ടില്ല.
റെയിൽവേ പാളം മുറിച്ചു കടക്കേണ്ടതിനാൽ സർവീസ് റോഡ് നിർമാണം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. ഒരാഴ്ച മുൻപ് ഉയരപ്പാതയിലെ ഒരു ഭാഗം ഭാഗികമായി തുറന്നു കൊടുത്തുവെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വീണ്ടും അടച്ചു.
റോഡിൽ മെറ്റലുകൾ മാത്രം ഇട്ടിരിക്കുന്നതിനാൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും ടാറിങ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് കരാർ കമ്പനി പാത വീണ്ടും അടച്ചത്. പാൽക്കുളങ്ങര ഭാഗത്തെ അപ്രോച്ച് റോഡിന്റെ 200 മീറ്റർ ഭാഗത്തെ നിർമാണ ജോലികളും ഇനി പൂർത്തിയാക്കാനുണ്ട്.
എന്നാൽ റോഡ് നിർമാണം വൈകുന്നതിന് പ്രധാന കാരണം ആവശ്യത്തിന് ടാർ മിശ്രിതം ലഭിക്കാത്തതാണെന്ന് ശിവാലയ കമ്പനി അധികൃതർ വ്യക്തമാക്കി. ആദിച്ചനല്ലൂരിലാണ് ടാർ പ്ലാന്റ് പ്രവർത്തിക്കുന്നത്.
ഇതിനെതിരെ പരിസരവാസികൾ കോടതിയെ സമീപിച്ചിരുന്നു. അതേസമയം മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ടാർ പ്ലാന്റ് ഉടമ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വിഷയത്തിൽ ഇന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി വിധി അനുകൂലമായാൽ ഒരു രാത്രിയും പകലും കൊണ്ട് ടാറിങ് ജോലികൾ പൂർത്തിയാക്കി ഉയരപ്പാത ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

