കൊച്ചിയിലെ സഹോദരൻ അയ്യപ്പൻ റോഡിൽ മെട്രോ തൂണുകളോട് ചേർന്നുണ്ടാകുന്ന അപകടകരമായ നിരപ്പുവ്യത്യാസങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നീക്കങ്ങൾ സജീവമായി. റോഡ് പുനർടാർ ചെയ്തിട്ടും വീണ്ടും ഉയരവ്യത്യാസം രൂപപ്പെടാനുള്ള കാരണം കണ്ടെത്താൻ കോഴിക്കോട് എൻഐടിയിൽ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി.
എൻഐടി സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ഡോ. എം.വി.എൽ.ആർ.
ആഞ്ജനേയുലുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മനോരമ ജംക്ഷൻ മുതൽ കടവന്ത്ര മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് പരിശോധന നടത്തിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12 മണിവരെ നീണ്ടുനിന്നു.
റോഡ് നിർമാണ സാങ്കേതികവിദ്യകളിൽ പ്രഗത്ഭനായ വ്യക്തിയാണ് ആഞ്ജനേയുലു. മെട്രോ തൂണിനു താഴെ റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ കൃത്യമായ ഉയരവ്യത്യാസം സംഘം അളന്നു തിട്ടപ്പെടുത്തി.
മെട്രോ തൂണിനായി പൈലിങ് നടത്തിയ ഭാഗം മാത്രമാണ് റോഡിൽ ഉയർന്നു നിൽക്കുന്നത്. തുടർന്ന് ഇവിടെ നിന്നു റോഡ് തുരന്നു മണ്ണെടുത്തും സാംപിളുകൾ ശേഖരിച്ചു.
മണ്ണിന്റെ പ്രത്യേകതകൾ മൂലമാണോ റോഡ് വീണ്ടും താഴ്ന്നു പോകുന്നതെന്ന് അറിയാൻ ആഴത്തിലുള്ള പരിശോധന നടത്തുമെന്ന് ഡോ. എം.വി.എൽ.ആർ.
ആഞ്ജനേയുലു വ്യക്തമാക്കി. ഇതിന്റെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ നഗരസഭയ്ക്ക് സമർപ്പിക്കും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുക. മുൻപ് റീടാർ ചെയ്തിട്ടും റോഡ് താഴ്ന്ന സാഹചര്യത്തിൽ, വീണ്ടും ഫണ്ട് ചെലവഴിച്ചുള്ള പണികൾ പാഴാകാതിരിക്കാനാണ് നഗരസഭ എൻഐടി വിദഗ്ധരുടെ സഹായം തേടിയത്.
മനോരമ ജംക്ഷൻ മുതൽ വൈറ്റില മെട്രോ സ്റ്റേഷൻ വരെയുള്ള 3.10 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി സർക്കാർ 10 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
എങ്കിലും നിർമാണം പൂർത്തീകരിക്കാൻ അധികമായി 2.55 കോടി രൂപ കൂടി ആവശ്യമാണ്. ഈ തുക തൽക്കാലം നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും കണ്ടെത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്.
മെട്രോ തൂണിനോടു ചേർന്നു കിടക്കുന്ന ഭാഗത്ത് റോഡ് താണുപോയത് മൂലം 300 മില്ലി മീറ്റർ വരെ നിരപ്പുവ്യത്യാസമാണ് നിലവിലുള്ളത്. മെട്രോ തൂണുകൾക്കരികിലെ മീഡിയന്റെ ഇരുവശത്തുമായി 4 മീറ്റർ വീതിയിൽ പഴയ ടാർ പ്രതലം ചുരണ്ടി മാറ്റിയ ശേഷം നന്നാക്കാനായിരുന്നു ആദ്യഘട്ടത്തിലെ ധാരണ.
മെറ്റൽ മിശ്രിതം ഉപയോഗിച്ച് നിരപ്പുവ്യത്യാസം പരിഹരിച്ച ശേഷം പുതിയ ടാറിങ് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നതെന്ന് എൻഐടി സംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്ത കോർപറേഷൻ മേയർ ടി.കെ.മിനിമോൾ വ്യക്തമാക്കി.
അതുകൊണ്ടുതന്നെ എൻഐടി വിദഗ്ധ സംഘം നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടായിരിക്കും അറ്റകുറ്റപ്പണികളുടെ രീതി തീരുമാനിക്കുക. മെട്രോ തൂണുകൾക്ക് താഴെ സമാനമായ തകരാറുകൾ കണ്ടെത്തിയിട്ടുള്ള മറ്റ് റോഡുകളുടെ നവീകരണ കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
കൗൺസിലർമാരായ പി.ഡി.മാർട്ടിൻ, ആന്റണി പൈനുതറ, ജിസൺ ജോർജ് എന്നിവരും നഗരസഭയിലെ എൻജിനീയർമാരും പരിശോധനാ വേളയിൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. റോഡ് അറ്റകുറ്റപ്പണികൾ എത്രയും വേഗം ആരംഭിക്കണമെന്നും നാലു മാസത്തിനകം പണികൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതിയുടെ കർശന ഉത്തരവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

