മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ വീടുകയറി ആക്രമിക്കുകയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു (46) ആണ് പോത്തുകൽ പൊലീസിന്റെ പിടിയിലായത്.
സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ വിനിത (40)യ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ആറണിയോടെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.
ദമ്പതികൾ കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനിടയിലാണ് ബുധനാഴ്ച വൈകീട്ടോടെ പ്രതി ഭാര്യയുടെ വീട്ടിലെത്തിയത്.
അടുക്കളയിൽ ജോലികളിൽ വ്യാപൃതയായിരുന്ന വിനിതയുമായി ഇയാൾ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വിനിതയുടെ മുഖത്തും വലത് തോളിലും വെട്ടിപ്പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞയുടൻ നാട്ടുകാരും ബന്ധുക്കളും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോത്തുകൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൃത്യം നടത്താൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

