തളിപ്പറമ്പ് പുളമ്പറമ്പ് കണികുന്ന് മേഖലയിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനവാസമേഖലയിൽ ഭീതി ഉയർത്തി ജലാശയം വീണ്ടും സജീവമാകുന്നു. യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ഇല്ലാത്തതിനാൽ കുന്നിനു മുകളിൽ രൂപപ്പെട്ടിരിക്കുന്ന ഈ ജലാശയം വലിയൊരു അപകടഭീഷണിയാണ് പ്രദേശവാസികൾക്ക് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വർഷം ഇവിടെ വെള്ളം കെട്ടിക്കിടന്ന് സമാനമായ രീതിയിൽ ജലാശയം രൂപപ്പെട്ടതിനെ തുടർന്ന് റവന്യു അധികൃതർ ഇടപെടുകയും, ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെ കൊണ്ട് ചാലു കീറി വെള്ളം ഒഴുക്കിവിടാൻ നടപടി സ്വീകരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇവിടെ യാതൊരുവിധ തുടർപ്രവൃത്തികളും നടന്നിട്ടില്ല.
ഇതിന്റെ ഫലമായി അരികിലുള്ള കുന്നിടിഞ്ഞ് മരങ്ങൾ ഉൾപ്പെടെ ജലാശയത്തിനരികിലേക്ക് വീഴുന്ന സ്ഥിതിയാണുള്ളത്. മഴ ശക്തമായ സമയത്ത് ഇവിടെനിന്നു ചെളി കുത്തിയൊഴുകി താഴെയുള്ള ജനവാസമേഖലയിൽ എത്തിയത് വലിയ ദുരിതത്തിന് കാരണമായിരുന്നു.
ഇതേതുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നിലവിൽ ചെളിയുടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായെങ്കിലും കുന്നിനു മുകളിലെ ജലാശയം വലിയൊരു അപകടസൂചനയാണ് നൽകുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
പലയിടങ്ങളിലും ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അത്തരം ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഇവിടെയും നിലനിൽക്കുന്നത്. കുപ്പത്തുനിന്ന് കുറ്റിക്കോൽ വരെയുള്ള ദേശീയപാത ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ച് താഴ്ത്തിയ ഇവിടെ ഒരു വർഷമായി തുടർപ്രവർത്രനങ്ങളൊന്നും നടന്നിട്ടില്ല.
തളിപ്പറമ്പ് പുളിമ്പറമ്പ് റോഡിന് താഴെയുള്ള പാലത്തിന്റെ തൂണുകളുടെ നിർമാണവും വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇവിടെ മണ്ണിടിച്ചിൽ ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്.
പട്ടുവം റോഡ് മുറിച്ചാൽ തളിപ്പറമ്പിൽനിന്ന് പട്ടുവം, പുളിമ്പറമ്പ് ഭാഗത്തേക്ക് പോകാനുള്ള പാളയാട് തോടിന് പാലം നിർമിച്ചശേഷം മറ്റ് പ്രവൃത്തികൾ ആരംഭിക്കുമെന്നായിരുന്നു മേഘ കൺസ്ട്രക്ഷൻസിന്റെ അധികൃതർ കഴിഞ്ഞവർഷം അറിയിച്ചിരുന്നത്. എന്നാൽ പാലം നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ബൈപ്പാസിന്റെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
ജലാശയത്തിനു സമീപത്തുകൂടി കടന്നുപോകുന്ന കണികുന്ന് റോഡും മണ്ണിട്ട് ഉയർത്തി താൽക്കാലികമായി നിർമിച്ച അതേ അവസ്ഥയിൽ തന്നെ തുടരുകയാണ്. നിലവിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും തുലാവർഷം വീണ്ടുമെത്തിയാൽ ജലാശയത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം കൂടുതൽ ഗുരുതരമായ അപകടാവസ്ഥ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

