കാസർകോട് ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക നീക്കം. പെരിയയിലെ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയുടെ (പിസികെ) ഭൂമി പദ്ധതിക്ക് പൂർണ്ണമായും അനുയോജ്യമാണെന്നു വ്യക്തമാക്കി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന കേരളത്തിന്റെ സാധ്യത ലിസ്റ്റിൽ കാസർകോടിനെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ അപേക്ഷയെ തുടർന്ന് സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ചാണ് വെറും 10 ദിവസത്തിനകം വിശദമായ പ്രപ്പോസൽ തയ്യാറാക്കിയത്. നേരത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്തും പിന്നീട് പുതിയ സർക്കാർ അധികാരമേറ്റ ശേഷവും തയ്യാറാക്കിയ ലിസ്റ്റുകളിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.
ഇത് വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് വിഷയം എംപി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി അനുകൂലമായ തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു.
പ്രതീക്ഷിത പ്രൊപ്പോസലിന്റെ ഭാഗമായി നിർദിഷ്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, വിവിധ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും അത്യാധുനിക മെഡിക്കൽ കോളജും ഉൾപ്പെടുന്ന വലിയൊരു സമുച്ചയത്തിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ മാനദണ്ഡങ്ങളും പെരിയയിലെ ഈ ഭൂമി കൃത്യമായി പാലിക്കുന്നുണ്ടെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി. രണ്ടേക്കർ ഭൂമി, മികച്ച റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
പെരിയയിലെ സംസ്ഥാന സർക്കാരിനു കീഴിലുള്ള പിസികെ ബ്ലോക്കുകൾ നേരിട്ട് സന്ദർശിച്ചു നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അന്തിമ പ്രൊപ്പോസൽ തയ്യാറാക്കിയത്. പദ്ധതി യാഥാർത്ഥ്യമായാൽ മൂന്നാംകടവ് പ്രധാന ജലസ്രോതസ്സായി ഉപയോഗപ്പെടുത്താം.
കൂടാതെ, മയിലാട്ടി പവർ സ്റ്റേഷൻ, മാവുങ്കാൽ സബ്സ്റ്റേഷൻ എന്നിവയിലൂടെ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ സാധിക്കും. പ്രത്യേകിച്ച്, ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മികച്ച സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയും പുനരധിവാസവും ദീർഘകാല ഫോളോഅപ്പും ഉറപ്പാക്കുന്നതിനുള്ള പരമോന്നത കേന്ദ്രമായി എയിംസിനെ മാറ്റാൻ കഴിയുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേന്ദ്ര സർവകലാശാല ക്യാംപസിന് സമീപമാണ് സ്ഥലം സ്ഥിതി ചെയ്യുന്നത് എന്നതും, സർവകലാശാലയിലെ ഹെലിപാഡ് സൗകര്യം അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ് സർവീസുകൾക്കായി ഉപയോഗിക്കാമെന്നതും വലിയ നേട്ടമാകും. മുൻപ് കേന്ദ്ര സർവകലാശാലയ്ക്കായി പ്ലാന്റേഷൻ കോർപറേഷൻ ഭൂമി വിട്ടുനൽകിയ അതേ മാതൃകയിൽ, ചട്ടങ്ങൾക്ക് വിധേയമായി റവന്യു വകുപ്പ് വഴി ഈ ഭൂമി എയിംസിനായി ലഭ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കലക്ടറോടൊപ്പം ജില്ലാ സാമൂഹിക നീതി ഓഫിസർ ആര്യ പി.രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, ഹൊസ്ദുർഗ് തഹസിൽദാർ കെ.രമേശൻ, പെരിയ വില്ലേജ് ഓഫിസർ മധു, താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ അനിൽ ഫിലിപ്, സർവേ ഉദ്യോഗസ്ഥർ, പിസികെ യൂണിറ്റ് മാനേജർ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

