ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചു കുലുക്കിക്കൊണ്ട് ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് ഭരണകൂടം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇറാനെതിരെ അഭൂതപൂർവ്വമായ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചത്.
മറ്റൊരു രാജ്യത്തിനെതിരെയും ഇതുവരെ പുറത്തെടുക്കാത്ത രീതിയിലുള്ള നടപടിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനുമായി ബിസിനസോ സാമ്പത്തിക ഇടപാടുകളോ സൂക്ഷിക്കുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കനത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പൂർണ്ണമായി വഴിമുട്ടിയ പശ്ചാത്തലത്തിലാണ് ലോകവിപണിയെ ആശങ്കയിലാഴ്ത്തുന്ന ഈ നീക്കം. ഇത് ക്രൂഡോയിൽ വിപണിയിലേക്കുള്ള വരവിനെ സാരമായി ബാധിക്കുകയും എണ്ണവില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്യും.
ഇത് ആഗോളതലത്തിൽ വലിയ രീതിയിലുള്ള പണപ്പെരുപ്പ വർദ്ധനവിന് വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇറാനെ സാമ്പത്തികമായി പൂർണ്ണമായി തകർത്ത് ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഡോണൾഡ് ട്രംപ്, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ താൻ നൽകിയ അവസരം അവർ പാഴാക്കിയെന്നും ആരോപിച്ചു.
ഇറാനിയൻ കറൻസിക്ക് ഇപ്പോൾ കടലാസിന്റെ വിലപോലുമില്ലാത്ത അവസ്ഥയാണുള്ളത്. ഏതെങ്കിലും രാജ്യങ്ങൾ അവരുടെ വിമാനത്താവളങ്ങളോ സാമ്പത്തിക സ്ഥാപനങ്ങളോ സർക്കാർ സംവിധാനങ്ങളോ ഇറാനു വേണ്ടി വിട്ടുനൽകിയാൽ കനത്ത തിരിച്ചടി ഉണ്ടാകും.
ഇറാനുമായി ബന്ധപ്പെട്ട എണ്ണക്കടത്ത്, കറൻസി സ്വാപിങ്, മണി എക്സ്ചേഞ്ച്, കപ്പൽ സേവനങ്ങൾ എന്നിവ മറ്റ് രാജ്യങ്ങൾ അടിയന്തരമായി നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കൻ ബോണ്ട് വിപണിയിലെ മാറ്റങ്ങൾ കത്തിക്കയറിയ അമേരിക്കൻ കടപത്രങ്ങളെ നിയന്ത്രിക്കാൻ യുഎസ് ട്രഷറി വകുപ്പ് രംഗത്തിറങ്ങി. ഈ വർഷം തിരികെ വാങ്ങുന്ന ബോണ്ടുകളുടെ മൂല്യം ഇരട്ടിയാക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചതോടെ കടപത്രങ്ങളിൽ നിന്നുള്ള യീൽഡ് കുറയുകയും ഡോളർ സൂചികയ്ക്ക് ആശ്വാസമാവുകയും ചെയ്തു.
എന്നാൽ ഇത് താൽക്കാലിക ആശ്വാസം മാത്രമാണെന്നും സെപ്റ്റംബറിൽ ബോണ്ട് വിപണിയിൽ വീണ്ടും പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് സംഭവിച്ചാൽ സർക്കാരിന് ഉയർന്ന പലിശ നൽകേണ്ടി വരികയും അത് ക്ഷേമ പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
നിലവിൽ യുഎസിന്റെ പൊതുകടം 40 ലക്ഷം കോടി ഡോളർ കടന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഉയർന്നു തന്നെ ക്രൂഡോയിൽ വില ഇറാനെതിരെ ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന് പിന്നാലെ ക്രൂഡോയിൽ വിപണിയിൽ വില കുതിച്ചുയരുകയാണ്.
ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 92 ഡോളറിന് മുകളിലെത്തിയപ്പോൾ ഡബ്ല്യൂടിഐ വില 84 ഡോളറിലെത്തി. യുഎഇയുടെ മർബൻ ക്രൂഡോയിൽ വില 100 ഡോളറിന് തൊട്ടടുത്താണ് എത്തിനിൽക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തെ ഇത് ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകർക്കുള്ളത്. സ്വർണവിലയിൽ പുതിയ കുതിപ്പ് ബോണ്ട് വിപണിയിലെ ഇടപെടലുകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഔൺസിന് മൂന്ന് ശതമാനത്തോളം ഉയർന്ന സ്വർണവില 4523 ഡോളറിലെത്തി. നിലവിൽ 4492 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് കടപത്രങ്ങളുടെ നേട്ടം കുറഞ്ഞതും ഡോളർ സൂചിക ഇടിഞ്ഞതും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചു. കേരളത്തിലും സ്വർണവില ഇന്ന് വർദ്ധിക്കാനാണ് സാധ്യത.
ഇന്ത്യൻ ഓഹരി വിപണിയുടെ അവസ്ഥ തുടർച്ചയായ ഏഴാം ദിവസവും നഷ്ടത്തിലാണ് ഇന്ത്യൻ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 325 പോയിന്റ് ഇടിഞ്ഞ് 76,909.68 ലും നിഫ്റ്റി 16.60 പോയിന്റ് നഷ്ടപ്പെട്ട് 24,078.30 ലും എത്തി.
കഴിഞ്ഞ 11 മാസത്തിനിടെ നിഫ്റ്റി ഇത്രയധികം ദിവസങ്ങൾ തുടർച്ചയായി നഷ്ടം രേഖപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഉയർന്ന ക്രൂഡോയിൽ വിലയും നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, ബാങ്ക് ഓഫ് അമേരിക്കയുടെ സർവേ പ്രകാരം ഏഷ്യയിൽ ഏറ്റവും കുറവ് ആളുകൾ പരിഗണിക്കുന്ന ഓഹരി വിപണിയായി ഇന്ത്യ മാറിയിട്ടുണ്ടെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. യുഎസ്, ഏഷ്യൻ വിപണികളിലെ ഇന്നലത്തെ നേട്ടങ്ങൾ ഇന്ത്യയ്ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ് വ്യാപാരം ആരംഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

