ന്യൂഡൽഹി∙ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചതോടെയാണ് പാക്ക് സൈന്യം വെടിനിർത്തൽ അപേക്ഷയുമായി മുന്നോട്ടുവന്നത്. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ അപേക്ഷ വൈകിയിരുന്നെങ്കിൽ ഇന്ത്യയുടെ അടുത്ത തന്ത്രപരമായ നീക്കം എന്തായിരുന്നേനെ എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു.
മുൻ വ്യോമസേന ഉദ്യോഗസ്ഥനും മുൻ വൈസ് ചീഫുമായ എയർ മാർഷൽ (റിട്ട.) നാഗേഷ് കപൂർ ആണ് ഈ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പോഡ്കാസ്റ്റിലൂടെയാണ് മുൻ വ്യോമസേന ഉദ്യോഗസ്ഥൻ ഇന്ത്യൻ സേനയുടെ മനസ്സിലുണ്ടായിരുന്ന പദ്ധതികൾ ലോകത്തോടു പങ്കുവെച്ചത്.
പാക്കിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ചും വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങളെ അപ്പാടെ തകർത്തു തരിപ്പണമാക്കുന്ന നിലയിലുള്ള ശക്തമായ ആക്രമണത്തിലേക്കു ഇന്ത്യ കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് നാഗേഷ് കപൂർ വ്യക്തമാക്കി. ഇതിൽ റഡാർ സംവിധാനങ്ങൾ, മിസൈൽ സൈറ്റുകൾ, കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ ശൃംഖലകൾ എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.
എന്നാൽ ഈ ലക്ഷ്യങ്ങളിലേക്ക് പൂർണ്ണമായി ശ്രദ്ധ തിരിക്കുന്നതിന് തൊട്ടുമുൻപ് പാക്ക് സൈന്യം വെടിനിർത്തൽ അപേക്ഷയുമായി എത്തുകയായിരുന്നു. ഈ സംഘർഷം അവിടെയും അവസാനിച്ചിരുന്നില്ലെങ്കിൽ ആക്രമണത്തിന്റെ തീവ്രത കൂടുതൽ വർധിപ്പിക്കുമായിരുന്നു.
രാജ്യത്തിന് വാണിജ്യപരമായി കനത്ത നഷ്ടം വരുത്തിവെക്കുന്ന നിർണായക കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുള്ള വ്യക്തമായ പദ്ധതികളാണ് അന്ന് സൈന്യത്തിന്റെ മുന്നിൽ തയ്യാറുണ്ടായിരുന്നതെന്നും മുൻ വ്യോമസേന ഉപമേധാവി കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളെ പൂർണ്ണമായും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സേന ആരംഭിച്ചത്.
ഇതിന് മറുപടിയായി പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇന്ത്യ മുൻകൂട്ടിത്തന്നെ കണക്കുകൂട്ടിയിരുന്നു. അതിനാൽത്തന്നെ സ്ഥിതിഗതികളുടെ തീവ്രത കൂട്ടി ശക്തമായി തിരിച്ചടിക്കാനുള്ള പ്ലാനുകൾ സൈന്യം നേരത്തെ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.
എന്നാൽ ഓപ്പറേഷൻ സിന്ദൂർ തുടങ്ങി 88 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിനുള്ള ധാരണ ഔദ്യോഗികമായി രൂപപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

