തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ട കോടികളുടെ നികുതി വെട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ.
ഇതിന്റെ ഭാഗമായി മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നേരത്തെ ചാർജ് മെമ്മോ ലഭിച്ച മൂന്ന് ഉദ്യോഗസ്ഥർക്ക് പുറമെയാണ് ഇപ്പോൾ ഒരാൾക്ക് കൂടി വീഴ്ച സംഭവിച്ചതായി എസ്ഐടിയുടെ കണ്ടെത്തൽ പുറത്തുവന്നിട്ടുള്ളത്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇതുവരെ ആദായ നികുതിയും അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് എസ്ഐടി ഇന്ന് സർക്കാരിന് സമർപ്പിക്കും. സ്പോൺസർക്ക് സമൻസ് അയച്ചിട്ടും ഏഴു മാസത്തോളം യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും, കോടികളുടെ നികുതി വെട്ടിപ്പ് ഗൗരവത്തോടെ കാണാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നുമാണ് എസ്ഐടി റിപ്പോർട്ടിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ജിഎസ്ടി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തിവരുന്നത്.
അതേസമയം, സംഭവത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥരും പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള എസ്ഐടി അന്വേഷണത്തിന് പുറമെയാണ് പുതിയ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

