ജില്ലയിൽ റോഡ് അപകടങ്ങളുടെ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതായി പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ജില്ലയിൽ പ്രതിവർഷം 900-ൽ അധികം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണ് ഈ വർഷം വലിയ മാറ്റം ദൃശ്യമാകുന്നത്.
2025-ലെ കണക്കുകൾ പ്രകാരം 961 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1066 പേർക്ക് പരുക്കേൽക്കുകയും 69 ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ 2026-ലെ ആദ്യ ആറു മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 353 അപകടങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ 420 പേർക്ക് പരുക്കേൽക്കുകയും 28 മരണം സംഭവിക്കുകയും ചെയ്തു.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഈ വർഷം അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എഐ ക്യാമറകളും പൊതുജനങ്ങളുടെ ജാഗ്രതയും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിൽ എഐ ക്യാമറകളുടെ പ്രവർത്തനം നിർണായക പങ്കുവഹിച്ചതായി പൊലീസ്, മോട്ടർ വാഹന വകുപ്പ് അധികൃതർ വിലയിരുത്തുന്നു.
ജില്ലയിൽ മൊത്തം 26 എഐ ക്യാമറകളാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. നിയമലംഘനങ്ങൾക്ക് കൃത്യമായി പിഴ അടയ്ക്കേണ്ടി വരുന്നത് റോഡ് ഉപയോഗിക്കുന്നവരിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കുന്നതിനും കാർ യാത്രക്കാർ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതിനും കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്. വാഹനങ്ങളുടെ വേഗത കുറച്ചതും അപകടങ്ങൾ കുറയാൻ കാരണമായി.
ഏകോപിത പരിശോധനകൾ മോട്ടർ വാഹന വകുപ്പും പൊലീസും സംയുക്തമായാണ് റോഡ് നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നത്. നിയമലംഘനങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങൾ കണ്ടെത്തി അവിടെ പരിശോധനകൾ ശക്തമാക്കാൻ ഇരു വിഭാഗവും തീരുമാനിച്ചിട്ടുണ്ട്.
എഐ ക്യാമറകളിൽ നിന്നുള്ള വിവരങ്ങളും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനകളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. എഐ ക്യാമറകൾക്ക് കണ്ടെത്താൻ സാധിക്കാത്ത മദ്യപിച്ചുള്ള ഡ്രൈവിങ് പോലുള്ള നിയമലംഘനങ്ങൾ തടയുന്നതിനാണ് ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ മുൻഗണന നൽകുന്നത്.
വരുംദിവസങ്ങളിൽ രാത്രികാലങ്ങളിലടക്കം പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

