കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി **ചെന്താമര**യ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ഇരുഭാഗത്തെയും വാദപ്രതിവാദങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
പ്രതിക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ, “ഞാൻ ഗാന്ധിയല്ല” എന്ന് പ്രതി കോടതിയിൽ ആവർത്തിച്ചിരുന്നു.
താൻ അങ്ങോട്ട് പ്രശ്നത്തിന് പോകാറില്ലെന്നും, എന്നാൽ ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നുമാണ് പ്രതിയുടെ നിലപാട്. എന്നാൽ, ഇരകളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നും കൃത്യം ആസൂത്രിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാമ്യത്തിലിരിക്കെയാണ് പ്രതി ഈ കൊലപാതകങ്ങൾ നടത്തിയത്. സമൂഹത്തിന് പ്രതി ഭീഷണിയാണെന്നും, ഇനിയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.
പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണമായി തള്ളിക്കൊണ്ടാണ് കോടതി വിധി. കൊല്ലപ്പെട്ട
സുധാകരന്റെ മക്കളുടെ സുരക്ഷയ്ക്കും പ്രതി ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിൽ പ്രതിക്ക് കുറ്റബോധമില്ലെന്നും, ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വിധിയിൽ പറയുന്നു.
കേസിന്റെ നാള്വഴികള്:
* ജനുവരി 27: അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തി.
* ജനുവരി 28: നീണ്ട തിരച്ചിലിനൊടുവിൽ രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പ്രതി പിടിയിലായി.
* ഫെബ്രുവരി 5: കൃത്യത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ് നടത്തി.
* ഫെബ്രുവരി 18: 2019-ലെ പോത്തുണ്ടി സജിത വധക്കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി.
* മാർച്ച് 3: ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
* മാർച്ച് 25: 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
132 സാക്ഷികളും മുപ്പതിലധികം രേഖകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെട്ടതായിരുന്നു കുറ്റപത്രം.
* വിചാരണ: ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നടന്ന വിചാരണയിൽ 132 സാക്ഷികളിൽ 4 പേർ കൂറുമാറിയിരുന്നു. ഒടുവിൽ കോടതിയുടെ നിരീക്ഷണം ഇങ്ങനെ: “എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്.
എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്.” പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യത വിരളമാണെന്ന് വിലയിരുത്തിയാണ് വധശിക്ഷ വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

