നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടലുകൾ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഏപ്രിൽ – ഓഗസ്റ്റ് കാലയളവിലെ കണക്കുകളാണ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് അനുഭവപ്പെട്ട മഴയുടെ കുറവും അസാധാരണമായ ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും ഭീമമായ തോതിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കാൻ ഇടയാക്കിയത്.
കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഹ്രസ്വകാല പ്രവചനങ്ങളേക്കാൾ കുറവാണ് സാധാരണഗതിയിൽ യഥാർത്ഥ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം 2022-ലും (1.8%), 2023-ലും (0.75%) മാത്രമാണ് ഇതിനുമുമ്പ് ഇത്തരത്തിലൊരു വ്യതിയാനം ഉണ്ടായിട്ടുള്ളത്. എങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കിലാണ് നിലവിലെ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സി.ഇ.എ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വൈദ്യുതി ഉൽപ്പാദന കമ്പനികൾ കൽക്കരി ശേഖരണവും മറ്റ് പ്രവർത്തന രൂപരേഖകളും തയ്യാറാക്കുന്നത്. പ്രവചനങ്ങളിലുണ്ടായ ഈ അപ്രതീക്ഷിത വ്യതിയാനം പവർ സിസ്റ്റം ആസൂത്രണത്തെയും കൽക്കരി വിതരണ ശൃംഖലയെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.
വൈദ്യുതി ലഭ്യത ഉറപ്പാക്കാനായി കേന്ദ്ര ഊർജ്ജ മന്ത്രാലയം ഇതിനോടകം തന്നെ അടിയന്തര നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ രാജ്യത്തെ 112 സ്വകാര്യ കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിവർഷം തയ്യാറാക്കുന്ന ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ട് വഴിയാണ് റെയിൽവേയും കൽക്കരി കമ്പനികളും അടക്കമുള്ള പ്രധാന സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. എങ്കിലും സെപ്റ്റംബറോടെ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ലഭിച്ചുതുടങ്ങിയത് ഉപഭോഗത്തിൽ നേരിയ കുറവുണ്ടാക്കാൻ സഹായകരമായിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മഴക്കുറവ് രാജ്യത്തെ ജലവൈദ്യുത നിലയങ്ങളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. ഉൽപ്പാദനത്തിൽ ഏകദേശം 11 ശതമാനത്തോളം ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്.
കഴിഞ്ഞ വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 84,767.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ അത് 75,304.58 ദശലക്ഷം യൂണിറ്റായി കുറയുകയാണുണ്ടായത്. വൈകുന്നേരങ്ങളിലെ ഉയർന്ന ആവശ്യകത പരിഹരിക്കുന്നതിൽ ജലവൈദ്യുതി നിർണ്ണായക പങ്ക് വഹിച്ചിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി.
എൽ നിനോ പ്രഭാവം മൂലം അണക്കെട്ടുകളിലെ ജലനിരപ്പ് 2023-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പതിച്ചതാണ് ജലവൈദ്യുതി ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. ജലവൈദ്യുതി ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതോടെ രാജ്യം കൽക്കരി നിലയങ്ങളെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരായി തീർന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കൽക്കരി അധിഷ്ഠിത നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം 10 ശതമാനം വർദ്ധിച്ച് 5,79,869.38 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കൽക്കരി നിലയങ്ങളുടെ പ്രവർത്തനം അടിയന്തരമായി കൂടിയതോടെ വലിയതോതിലുള്ള കരുതൽ ശേഖരക്കുറവാണ് ഉണ്ടായത്. ഏപ്രിൽ ആദ്യം 55 ദശലക്ഷം ടണ്ണുണ്ടായിരുന്ന കൽക്കരി ശേഖരം സെപ്റ്റംബർ 30 എത്തുമ്പോഴേക്ക് 18.6 ദശലക്ഷം ടണ്ണായി കുത്തനെ ഇടിയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

