പ്രായമായവരിലും മധ്യവയസ്കരിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുൻപന്തിയിലാണ് പാർക്കിൻസൺസ് രോഗം. ആയുർവേദ ശാസ്ത്രത്തിൽ ഇതിനെ കമ്പവാതം എന്നാണ് വിശേഷിപ്പിക്കുന്നത്.
ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന വാതദോഷത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥയും മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ ശോഷണവുമാണ് ഈ രോഗാവസ്ഥയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നത്. പ്രത്യേകിച്ച്, ശരീരത്തിന് ആവശ്യമായ ഡോപമിൻ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളുടെ നാശം രോഗതീവ്രത വർദ്ധിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ ഇങ്ങനെ:
കൈകാലുകളിലെ അനിയന്ത്രിതമായ വിറയൽ, പേശികളുടെ കടുപ്പം (Rigidity), ചലനങ്ങളിലെ മന്ദത, നടക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പല രോഗികളും മാനസികവും ശാരീരികവുമായ വലിയ തളർച്ച അനുഭവിച്ച ശേഷമാണ് ചികിത്സ തേടിയെത്താറുള്ളത്.
എന്നാൽ ശാസ്ത്രീയമായ ആയുർവേദ പരിചരണത്തിലൂടെ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ചികിത്സാ രീതികൾ:
ആയുർവേദത്തിൽ ശോധന (Detoxification), ശമന (Palliative), രസായന (Rejuvenation therapy) എന്നീ രീതികൾക്കാണ് മുൻഗണന നൽകുന്നത്.
ബാഹ്യ ചികിത്സകൾ:
ഔഷധസമ്പുഷ്ടമായ എണ്ണകൾ ഉപയോഗിച്ചുള്ള അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി എന്നിവ പേശികളുടെ മുറുക്കം കുറയ്ക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നാഡീവ്യൂഹത്തെ ബലപ്പെടുത്തുന്നതിനും തലച്ചോറിനെ ശാന്തമാക്കുന്നതിനും ശിരോവസ്തി പോലുള്ള ചികിത്സകൾ അത്യന്താപേക്ഷിതമാണ്.
പാർക്കിൻസൺസ് രോഗികളിൽ ദഹനക്കുറവ്, മലബന്ധം, ഉറക്കക്കുറവ്, മൂഡ് സ്വിംഗ്സ് തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. പിനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മെലടോണിൻ ഹോർമോണിന്റെ പ്രവർത്തനത്തെ സ്വാഭാവികമായി ഉത്തേജിപ്പിക്കാൻ തക്രധാര, പാൽ ധാര, തൈലധാര എന്നിവയും തലച്ചോറിന് കുളിർമ നൽകാൻ തലപൊതിച്ചിൽ പോലുള്ള ചികിത്സകളും ഫലപ്രദമാണ്.
ഔഷധങ്ങൾ:
പ്രകൃതിദത്തമായ എൽ-ഡോപ്പ അടങ്ങിയിരിക്കുന്ന കൗഞ്ചപ്പൊടി (Mucuna pruriens – ശുദ്ധീകരിച്ച നായ്ക്കുരണ പരിപ്പ് പൊടി) പാലിൽ ചേർത്ത് നൽകുന്നത് നാഡീപ്രവർത്തനങ്ങൾക്ക് സഹായകമാണ്. അലോപ്പതി മരുന്നുകൾക്കൊപ്പം തന്നെ ഇതിന്റെ പ്രയോജനം രോഗികൾക്ക് ലഭിക്കുന്നു.
കൂടാതെ, ശങ്കുപുഷ്പം, അശ്വഗന്ധ തുടങ്ങിയ രസായന ഔഷധങ്ങളും മസ്തിഷ്കക്ഷമത വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. ഫലപ്രാപ്തിയും ബദൽ മാർഗ്ഗങ്ങളും:
ആധുനിക ചികിത്സാ രീതികൾ പിന്തുടരുന്നവർക്കും ആയുർവേദം ഒരു മികച്ച സപ്പോർട്ടീവ് തെറാപ്പിയായി പ്രവർത്തിക്കുന്നു.
ഇത് മരുന്നുകളുടെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നത് തടയാൻ സഹായിക്കും. ആയുർവേദത്തോടൊപ്പം ഫിസിയോതെറാപ്പിയും മറ്റ് അനുബന്ധ ചികിത്സകളും സംയോജിപ്പിക്കുന്നത് രോഗമുക്തിയുടെ വേഗത കൂട്ടും.
പാർക്കിൻസൺസ് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും, രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും രോഗിക്ക് സ്വയംപര്യാപ്തതയോടെ ജീവിക്കാനും ആയുർവേദത്തിലൂടെ സാധിക്കും. രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
ലേഖനം തയ്യാറാക്കിയത്:
ഡോ. സൂരജ് ശങ്കർ എം
സീനിയർ കൺസൾട്ടന്റ്, ആയുർവേദ
ടൈഗ്രിസ് വാലി ഹോസ്പിറ്റൽ, കോഴിക്കോട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

