അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് രംഗത്ത്.
അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപായി വിപുലമായ സിമുലേറ്റർ പരിശോധനകൾ അനിവാര്യമാണെന്നാണ് സംഘടനയുടെ ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകൾ പരാജയപ്പെടുന്നതിന് തൊട്ടുമുമ്പ് ഗുരുതരമായ വൈദ്യുത തകരാറുകൾ സംഭവിച്ചിരുന്നുവെന്നും എന്നാൽ അന്വേഷണ റിപ്പോർട്ടിൽ ഈ വിവരങ്ങൾ ബോധപൂർവം ഒഴിവാക്കിയെന്നും സംഘടന ആരോപിക്കുന്നു.
കോക്പിറ്റിൽ ഉയർന്ന ഓഡിയോ അലേർട്ടുകളും കൺട്രോൾ മെസ്സേജുകളും കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ ഈ മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രസിഡന്റ് ക്യാപ്റ്റൻ സുരീന്ദർ രൺധാവ ചൂണ്ടിക്കാട്ടി.
വിമാനത്തിന്റെ വാൽഭാഗത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാതിരുന്നിട്ടും, അവിടെയുണ്ടായിരുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക് ബോക്സ് കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഗുരുതരമായ വൈദ്യുത തകരാർ മൂലമാണെന്ന് ഇവർ സംശയിക്കുന്നു. അന്വേഷണ ഏജൻസി തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, അന്താരാഷ്ട്ര പൈലറ്റുമാരുടെ സഹായത്തോടെ ബോയിംഗ് 787 സിമുലേറ്ററിൽ 10 പരീക്ഷണങ്ങൾ സംഘടന സ്വന്തമായി നടത്തി.
അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതിയും ഹൈഡ്രോളിക് മർദ്ദവും വീണ്ടെടുക്കുന്ന ‘റാം എയർ ടർബൈൻ’ പ്രവർത്തന സജ്ജമാകാൻ 18 സെക്കൻഡ് വരെ സമയമെടുക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. എന്നാൽ എഞ്ചിൻ ഓഫായി വെറും 4 സെക്കൻഡിനുള്ളിൽ ഇത് പ്രവർത്തിച്ചു എന്ന് പറയുന്ന അന്വേഷണ റിപ്പോർട്ടിലെ സമയരേഖ സാങ്കേതികമായി തെറ്റാണെന്ന് സംഘടന വാദിക്കുന്നു.
മുൻപ് 2009-ൽ അമേരിക്കയിൽ ഹഡ്സൺ നദിയിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ക്യാപ്റ്റൻ സള്ളി സുള്ളൻബെർഗറെ ആദ്യം കുറ്റപ്പെടുത്തിയെങ്കിലും, തുടർന്ന് നടത്തിയ 30-ലധികം സിമുലേറ്റർ ടെസ്റ്റുകൾക്ക് ശേഷമാണ് അദ്ദേഹം കുറ്റവിമുക്തനായ കാര്യം ക്യാപ്റ്റൻ രൺധാവ ഓർമ്മിപ്പിച്ചു. ഈ അപകടത്തിൽ പൈലറ്റുമാർ മരണപ്പെട്ടതിനാൽ അവരുടെ ഭാഗം വിശദീകരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും, കൃത്യമായ പരിശോധനകളില്ലാതെ പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തി അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന് സംഘടന കത്തയച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

