കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾക്ക് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പഞ്ചായത്ത്, ജില്ലാ ഭരണകൂടം, വിവിധ തലങ്ങളിലെ മന്ത്രിമാർ എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും ഫണ്ട് ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുകയാണ്.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇനിയും പൂർത്തിയായിട്ടില്ലെന്ന് പരാതി ഉയരുന്നു. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കേണ്ടതുള്ളത്.
കൃഷിനാശം നേരിട്ടവരും വീടുകൾ ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവരും ഇപ്പോഴും സഹായത്തിനായി കാത്തിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി തുക വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, നഷ്ടം നേരിട്ടവരുടെ കണക്കുകൾ ജില്ലാ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചെങ്കിലും യഥാർത്ഥ തുക അനുവദിക്കപ്പെട്ടില്ല.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫണ്ട് ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സാധ്യമായില്ല. തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും വകുപ്പിന് കൈമാറിയതായാണ് വിവരം.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും. ഫണ്ട് വൈകിയതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അടിയന്തര ജോലികൾ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു.
എന്നാൽ ഈ തുകയും കരാറുകാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടപരിഹാരം, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, നഷ്ടപ്പെട്ട
കന്നുകാലികൾക്കുള്ള ധനസഹായം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം എന്നീ ആവശ്യങ്ങൾക്കായാണ് പ്രധാനമായും ഫണ്ട് കാത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

