സുപ്രീം കോടതിയുടെ പുതിയ ഉത്തരവുകൾ മുൻനിർത്തി, നഗരത്തിലെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതർ വിധിപ്പകർപ്പ് വിശദമായി പരിശോധിച്ചുവരികയാണ്.
നായ്ക്കളെ പിടികൂടുന്ന പ്രവർത്തനങ്ങളിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി, കരാർ അടിസ്ഥാനത്തിൽ ലൈസൻസുള്ള കൂടുതൽ പേരെ നിയമിക്കാൻ കോർപറേഷൻ ലക്ഷ്യമിടുന്നു. ഇതുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങൾ അടുത്ത കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യം കണക്കിലെടുത്ത്, ബ്രഹ്മപുരത്ത് ഒരേക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഷെൽറ്റർ നിർമിക്കുന്ന പദ്ധതിക്ക് വേഗത കൂട്ടുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുൽ അറിയിച്ചു.
ഇതുസംബന്ധിച്ച് അവർ വ്യക്തമാക്കിയത് ഇങ്ങനെ: “ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമാണ് തെരുവുനായ പ്രശ്നം. ബ്രഹ്മപുരത്ത് ഒരേക്കറിലെ ഷെൽറ്റർ പദ്ധതി വേഗത്തിലാക്കും.
ഇതിനായി ഫണ്ട് ലഭ്യമാക്കും. നായ്ക്കളെ ദത്തെടുക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും.
ഭക്ഷണം പരിചരണം തുടങ്ങിയ കാര്യങ്ങൾക്കായി വലിയ തുകയാണു ചെലവു പ്രതീക്ഷിക്കുന്നത്.” കോർപറേഷൻ ഏറ്റെടുത്ത ബ്രഹ്മപുരത്തെ നാല് ഏക്കർ ഭൂമിയിൽ ആദ്യഘട്ടമെന്ന നിലയിലാണ് ഒരേക്കറിൽ എബിസി കേന്ദ്രം സജ്ജമാക്കുന്നത്. ദേശീയ മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച്, പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഷെൽറ്റർ നിർമിക്കാനാണ് തീരുമാനം.
ഇതിനായി പ്രത്യേക ഡിസൈൻ മത്സരം സംഘടിപ്പിക്കുമെന്നും, തിരഞ്ഞെടുക്കപ്പെടുന്ന മാതൃകയ്ക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു. വാർഷിക പദ്ധതി വിഹിതത്തിൽ കൂടുതൽ തുക ഇതിനായി വകയിരുത്താനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് ശേഷം, ബാക്കി വരുന്ന 4.4 ഏക്കർ സ്ഥലത്തേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കും. കൂടാതെ, നഗരത്തിന് പുറത്ത് ബ്ലോക്ക് തലത്തിൽ ഷെൽറ്ററുകൾ സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്താനും നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

