പുതിയ അധ്യയന വർഷാരംഭത്തിന് ഒന്നരയാഴ്ച മാത്രം അവശേഷിക്കെ, സംസ്ഥാനത്തെ സ്കൂളുകളിലെ പാഠപുസ്തക വിതരണം അനിശ്ചിതത്വത്തിൽ. നിലവിൽ പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാത്രമാണ് കൃത്യമായി വിതരണം ചെയ്യുന്നത്.
ജില്ലയിലെ പലയിടത്തും പാഠപുസ്തകങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഹൈസ്കൂളുകളിലും വിതരണം ആരംഭിച്ചിട്ടില്ല. ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ പുസ്തക വിതരണം വൈകുമെന്നാണ് അധ്യാപകരുടെ ആശങ്ക.
സംസ്ഥാനത്ത് ആകെ അച്ചടിക്കേണ്ട 3,57,05,475 പാഠപുസ്തകങ്ങളിൽ 18 വരെയുള്ള കണക്കുകൾ പ്രകാരം 2,85,51,000 എണ്ണം മാത്രമാണ് അച്ചടിച്ചത്.
ഏകദേശം 1.08 കോടി പുസ്തകങ്ങളുടെ ബൈൻഡിങ് ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. നിലവിലെ സാഹചര്യത്തിൽ യന്ത്രങ്ങൾ തകരാറില്ലാതെ പ്രവർത്തിച്ചാൽ പോലും ഒരു ദിവസം പരമാവധി 3 ലക്ഷം പുസ്തകങ്ങൾ മാത്രമാണ് പ്രിന്റ് ചെയ്യാൻ സാധിക്കുക.
ഈ വേഗതയിൽ പ്രവർത്തനം തുടർന്നാൽ മുഴുവൻ പുസ്തകങ്ങളും അച്ചടിക്കാൻ 45 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അച്ചടി പ്രവർത്തനങ്ങളിലെ കാലതാമസം സംബന്ധിച്ച് സർക്കാരിനെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട്.
കെബിപിഎസ് മാനേജ്മെന്റ് തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾക്ക് നൽകാനുള്ള കുടിശ്ശിക സർക്കാരിനെ യഥാസമയം അറിയിച്ചില്ലെന്നും, പേപ്പർ ലഭ്യത പ്രതിസന്ധിയിലായതോടെയാണ് ഏഴു കോടി രൂപ അടിയന്തരമായി അനുവദിച്ചതെന്നും ആക്ഷേപമുണ്ട്. കെബിപിഎസ്സിന് നിലവിൽ 300 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെബിപിഎസ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

