ദേശീയപാത 544-ൽ സ്ഥിതി ചെയ്യുന്ന വടക്കഞ്ചേരി മേൽപാലത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളലുകൾ രൂപപ്പെട്ടതിനെത്തുടർന്ന് പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ച് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയായിരുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ അനുഭവപ്പെടുന്ന അമിതമായ ശബ്ദവും കുലുക്കവും സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത ഈ മേൽപാലത്തിൽ, ഇതുവരെ 86 തവണയാണ് സമാനമായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളത്.
തുടർച്ചയായി നടത്തിവരുന്ന അറ്റകുറ്റപ്പണികൾക്കൊടുവിലും പാലത്തിന്റെ ബലക്ഷയവും കുലുക്കവും പരിഹരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ച് ഇരുദിശകളിലേക്കും ഗതാഗതം ക്രമീകരിച്ചിട്ടുണ്ടെങ്കിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
നിർമാണ ഘട്ടത്തിൽത്തന്നെ പാലത്തിനെതിരെ ഉയർന്ന അശാസ്ത്രീയത സംബന്ധിച്ച ആരോപണങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. സാങ്കേതിക പരിശോധന നടത്തണമെന്ന രാഷ്ട്രീയ കക്ഷികളുടെയും ജനകീയ സംഘടനകളുടെയും നിരന്തരമായ ആവശ്യം ദേശീയപാത അതോറിറ്റി അവഗണിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
പാലത്തിന്റെ ജോയിന്റുകളിലെ കോൺക്രീറ്റ് അടർന്നു മാറി കമ്പികൾ പുറത്തുകാണാവുന്ന അവസ്ഥയിലാണ് പലയിടത്തും. അതേസമയം, സുരക്ഷാ പ്രശ്നങ്ങളില്ലെന്നും പതിവ് അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നതെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
നിലവിൽ രണ്ട് ഭാഗങ്ങളിൽ കുത്തിപ്പൊളിക്കൽ നടക്കുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നാണ് സൂചന. പതിനായിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന മേൽപാലത്തിന്റെ സുരക്ഷയിൽ വിദഗ്ധ സമിതിയുടെ പരിശോധന അടിയന്തരമായി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

