സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും സംഘങ്ങളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് പ്രതിസന്ധിയിലായവർക്ക് ആശ്വാസം പകർന്ന് സഹകരണ വകുപ്പിന്റെ പുതിയ പദ്ധതി. ‘ആശ്വാസ് 2026’ എന്ന പേരിലുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംബന്ധിച്ച വിവരങ്ങൾ മന്ത്രി എം ലിജു മാധ്യമങ്ങളോട് പങ്കുവെച്ചു.
യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് പദ്ധതിയുടെ കാലാവധി.
വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ ധാരാളം പരാതികൾ ലഭിക്കുന്നുണ്ടെന്നും, നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി മാഫിയകളെ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു.
ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, വകുപ്പിന്റെ നിലവിലെ പരിമിതികളെക്കുറിച്ചും സൂചിപ്പിച്ചു. ഉദ്യോഗസ്ഥരുടെ എണ്ണം, വാഹനങ്ങളുടെ ലഭ്യത, ആധുനിക ലാബ് സൗകര്യങ്ങൾ എന്നിവയിൽ പരിമിതികളുണ്ട്.
നിലവിൽ എക്സൈസ് വകുപ്പിന് ഒരു മോഡൽ ഓഫീസ് ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തണ്ടറിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾ ബജറ്റ് അവതരണത്തിന് ശേഷം ആരംഭിക്കുമെന്നും എം ലിജു പറഞ്ഞു. കേരളത്തിന് ഏറ്റവും പ്രയോജനകരമായ രീതിയിലുള്ള ഒരു നയമായിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

