നോർവേയിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലാംഗിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റാ സസ്പെൻഡ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും നേരിടുന്നതിനിടയിലാണ് തനിക്ക് മെറ്റാ പ്ലാറ്റ്ഫോമുകളിൽ വിലക്ക് നേരിട്ടതായി ഹെല്ലെ വ്യക്തമാക്കിയത്.
“Throughout all day I have struggled to log onto my Instagram account. Now I have been suspended.
It is a small prize to pay for press freedom, but I’ve never experienced it before.” എന്ന് അവർ തന്റെ എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. ഒരു ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കാതിരുന്നതിന് ശേഷമാണ് അക്കൗണ്ട് പൂർണ്ണമായും സസ്പെൻഡ് ചെയ്യപ്പെട്ടതെന്നും, തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്നും ഹെല്ലെ ലാംഗ് കുറിച്ചു.
മെറ്റാ കമ്പനിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ ഫേസ്ബുക്ക് അക്കൗണ്ടും നഷ്ടപ്പെട്ടതായി അവർ അറിയിച്ചു. തന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് മറുപടി നൽകാൻ ആഗ്രഹമുണ്ടെന്നും, എന്നാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതിനാൽ പ്രതികരണങ്ങൾ വൈകുമെന്നും അവർ കൂട്ടിച്ചേർത്തു.
നോർവേ പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര മോദി പങ്കെടുത്ത സംയുക്ത മാധ്യമ സമ്മേളനത്തിനിടെയായിരുന്നു വിവാദ സംഭവം. സമ്മേളനം കഴിഞ്ഞ് പ്രധാനമന്ത്രി വേദി വിട്ടുപോകുമ്പോൾ, “ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾക്ക് മറുപടി നൽകിക്കൂടാ?” എന്ന് ഹെല്ലെ ലാംഗ് വിളിച്ചു ചോദിക്കുകയായിരുന്നു.
ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാഗ്സാവിസെൻ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് അവർ പിന്നീട് എക്സിൽ കുറിച്ചിരുന്നു.
തുടർന്ന് നോർവേയിലെ ഇന്ത്യൻ എംബസി ഹെല്ലെ ലാംഗിനെ മറ്റൊരു വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വെച്ച് ഇന്ത്യയുടെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് അവർ ചോദ്യങ്ങൾ ഉന്നയിച്ചു.
ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് ഇന്ത്യയുടെ പൗരാണിക ചരിത്രം, യോഗ, ചെസ്സ് തുടങ്ങിയ സംഭാവനകൾ, കോവിഡ് കാലത്തെ വാക്സിൻ വിതരണം എന്നിവ വിശദീകരിച്ചു. ഈ സംഭവങ്ങൾക്ക് പിന്നാലെ ഹെല്ലെയ്ക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് ഉയർന്നത്.
അവർ വിദേശ ഏജന്റാണെന്നും, ചൈനീസ് താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും ആരോപണങ്ങൾ ഉയർന്നു. എന്നാൽ ഈ വിവാദങ്ങൾ ഹെല്ലെയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.
തിങ്കളാഴ്ചയ്ക്ക് മുൻപ് എണ്ണൂറിൽ താഴെ മാത്രം ഫോളോവേഴ്സ് ഉണ്ടായിരുന്ന അവരുടെ എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ദിവസങ്ങൾക്കുള്ളിൽ നാൽപ്പതിനായിരത്തിലധികമായി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

