കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.
പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകൾ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചുള്ള ചർച്ചകളും സർക്കാർ വരും ദിവസങ്ങളിൽ നടത്തും. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യ നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയുടെ തീയതി മാത്രമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ യാത്രയുടെ ദൂരപരിധി, ജില്ലകൾക്ക് പുറത്തേക്കുള്ള യാത്ര, പ്രായപരിധി തുടങ്ങിയ വിഷയങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. ഇന്നത്തെ ഉദ്യോഗസ്ഥതല യോഗത്തിൽ ഇതു സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രതിമാസം ഏകദേശം 60 കോടി രൂപ സബ്സിഡിയായി കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രതിദിനം ഏകദേശം 12 ലക്ഷത്തോളം സ്ത്രീകൾ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നുണ്ട്.
കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകളെ സൗജന്യ യാത്രയിൽ നിന്നും ഒഴിവാക്കിയപ്പോൾ, തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഏറെ ശ്രദ്ധേയമാണ്.
സി.പി ജോണിനാണ് പദ്ധതിയുടെ ചുമതല നൽകിയിട്ടുള്ളതെന്നാണ് വിവരം. ഇന്നലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം നിഷേധിക്കാൻ തയ്യാറായില്ല.
അതേസമയം, ഇന്നത്തെ യോഗത്തിൽ ഗതാഗത മന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

