ബെയ്ജിംഗ് കേന്ദ്രീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് വ്ലാഡിമിർ പുടിൻ ചൈനയിലെത്തിയത്.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ ഉച്ചകോടിയിൽ സമഗ്രമായി ചർച്ച ചെയ്യപ്പെടും. ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ നിയന്ത്രണങ്ങൾ, യുക്രൈൻ യുദ്ധം എന്നിവ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകളാണ്.
ഇതിനുപുറമെ, ഊർജ സുരക്ഷയും പുതിയ സൈബീരിയൻ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതിയും ഉൾപ്പെടെ നാൽപ്പതോളം പുതിയ ഉഭയകക്ഷി കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം പൂർത്തിയായതിന് തൊട്ടുപിന്നാലെ നടക്കുന്ന റഷ്യൻ പ്രസിഡന്റിന്റെ ഈ പര്യടനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തമാക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് പുടിന്റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ നിലനിൽക്കെ, സാമ്പത്തിക-പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനും ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

