തുർക്കിയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വൺ വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ രഹസ്യമായി യാത്ര ചെയ്ത സംഭവത്തിൽ പരിഹാസവുമായി ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും രംഗത്ത്. ഇറാന്റെ സൈനിക ശക്തിയെ ഭയന്നാണ് ട്രംപ് രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതെന്നായിരുന്നു ഇറാനിലെ സർക്കാർ ടെലിവിഷനിലെ അവതാരകന്റെ പരാമർശം.
ഇത് അമേരിക്കൻ ഭരണകൂടത്തിന് കനത്ത തിരിച്ചടിയായെന്നും ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും ഈ വിഷയത്തിൽ ട്രംപിനെതിരെ വിമർശനവുമായി എത്തിയിട്ടുണ്ട്.
എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള മീമുകളും ചിത്രങ്ങളും പങ്കുവെക്കുകയുണ്ടായി. യുഎസ് പ്രസിഡന്റ് കാറ്ററിങ് ബോക്സിനുള്ളിൽ ഒളിച്ചിരിക്കുന്നതായി കാണിക്കുന്ന എഐ നിർമിത ചിത്രമാണ് എംബസി പോസ്റ്റ് ചെയ്തത്.
“അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരുമെന്ന” കുറിപ്പോടെയായിരുന്നു ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്. തുർക്കിയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള വധഭീഷണിയെ തുടർന്ന് ഡൊണാൾഡ് ട്രംപ് വിമാനം മാറി ബ്രിട്ടനിലേക്ക് യാത്ര തിരിച്ചത്.
അങ്കാറ വിമാനത്താവളത്തിൽ എല്ലാവരുടെയും മുന്നിൽവെച്ച് എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ, പിന്നീട് രഹസ്യമായി പുറത്തിറക്കി കാറ്ററിങ് ട്രക്കിലേക്ക് മാറ്റിയെന്നും തുടർന്ന് മറ്റൊരു സൈനിക വിമാനത്തിലാണ് ബ്രിട്ടനിലേക്ക് യാത്ര ചെയ്തതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാനിൽനിന്ന് വധഭീഷണിയുണ്ടെന്നും വിമാനത്തിന് നേരെ മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അമേരിക്കൻ സീക്രട്ട് സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരങ്ങളുണ്ട്.
ഇതേതുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ രഹസ്യമായി വിമാനം മാറി യാത്ര ചെയ്തത്. തുർക്കിയിലെ ഹോട്ടൽ കെട്ടിടത്തിന്റെ ഏത് നിലയിലാണ് ട്രംപ് താമസിച്ചിരുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇറാൻ ചോർത്തിയിരുന്നുവെന്ന് യുഎസ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ സംഭവങ്ങളിലോ രഹസ്യയാത്രയെക്കുറിച്ചോ വൈറ്റ് ഹൗസോ ഇറാൻ ഭരണകൂടമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

