ജോലി സ്ഥലത്തേക്ക് യാത്ര തിരിക്കുന്നതിനിടയിൽ ട്രെയിനിൽ വച്ച് കാണാതായ സൈനികൻ സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് മൂന്നാം ബറ്റാലിയനിലെ ജവാനായിരുന്ന സുഭാഷ് ചന്ദ്രബോസിനെ (27), 2012 ഏപ്രിൽ 4നാണ് ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്.
ഒരു മാസത്തെ അവധിക്കു ശേഷം നാട്ടിൽ നിന്ന് മടങ്ങിപ്പോയതിന്റെ പിറ്റേ ദിവസം അച്ഛൻ ബാലന് അപരിചിതമായ ഫോൺ നമ്പറിൽ നിന്ന് മകന്റെ കോൾ ലഭിച്ചിരുന്നു. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയെന്നും തനിക്കു സുഖമില്ലെന്നും എന്നാൽ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, സുരക്ഷിതമായി ജോലി സ്ഥലത്ത് എത്തിക്കൊള്ളാമെന്നും മകൻ അറിയിച്ചിരുന്നു. എന്നിരുന്നാലും, ഏപ്രിൽ 10ന് ത്രിപുര സ്റ്റേറ്റ് റൈഫിൾസ് കമൻഡാന്റ് ബാലനെ നേരിട്ട് വിളിച്ച് സുഭാഷ് ചന്ദ്രബോസ് ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ലെന്ന വിവരം അറിയിച്ചു.
ഇതേതുടർന്ന് ഏപ്രിൽ 13ന് ബാലൻ റെയിൽവേ പൊലീസിൽ പരാതി നൽകുകയും തുടർന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, ത്രിപുര ഡിജിപി, ഐജി, എറണാകുളം റേഞ്ച് ഐജി എന്നിവർക്കും ഔദ്യോഗികമായി നിവേദനം സമർപ്പിക്കുകയും ചെയ്തു. വിശാഖപട്ടണം പൊലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ട് 2013 ജനുവരി 8ന് ഹൈക്കോടതി എറണാകുളം റൂറൽ എസ്പിക്കു നിർദേശം നൽകിയിരുന്നു.
തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ വിശാഖപട്ടണം പൊലീസിനു നിർദേശം നൽകിയെങ്കിലും, തങ്ങളുടെ നിസ്സഹായത അറിയിച്ച് അവർ കേസ് അവസാനിപ്പിക്കുകയായിരുന്നു. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും കാര്യമായ പുരോഗതികളൊന്നും ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് നീതി തേടി അച്ഛൻ ബാലൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

