കാസർകോട് ജില്ലയിലെ ഹൊസങ്കടി റെയിൽവേ ഗേറ്റിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിച്ച മേൽപാലത്തിന്റെ നിർമാണം വൈകുന്നു. വർഷങ്ങൾക്കു മുൻപ് വിഭാവനം ചെയ്ത പദ്ധതിയാണ് വിവിധ സാങ്കേതിക തടസ്സങ്ങൾ കാരണം ഇനിയും ആരംഭിക്കാൻ കഴിയാത്തത്.
പദ്ധതിക്കായി നേരത്തെ തന്നെ ഫണ്ട് അനുവദിച്ചിരുന്നു. 22.51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ ചുമതല കേരള റോഡ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ് നൽകിയിരുന്നത്.
എന്നാൽ, പിന്നീട് ദേശീയപാത (എൻഎച്ച് 66) ആറുവരിപ്പാതയായി വികസിപ്പിച്ചതോടെ നിർദിഷ്ട റെയിൽവേ മേൽപാലത്തിന്റെ രൂപരേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു.
നിലവിലെ ആറുവരിപ്പാതയുടെ മുകളിലൂടെയോ അതിനോട് ചേർന്നോ പുതിയ മേൽപാലം രൂപകൽപന ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
റെയിൽവേ ഗേറ്റ് കേന്ദ്രീകരിച്ച് നിർമിക്കേണ്ട മേൽപാലത്തിന്റെ പുതുക്കിയ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (ജിഎഡി) റെയിൽവേയിൽനിന്ന് അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതിക്ക് പ്രധാനമായും തടസ്സമായത്.
ഹൊസങ്കടിയിലെ ഈ ഗതാഗതക്കുരുക്ക് ദിവസേന നിരവധി യാത്രാക്കാരാണ് ദുരിതത്തിലാക്കുന്നത്. മഞ്ചേശ്വരം ഹൊസങ്കടി റെയിൽവേ മേൽപാലത്തിന്റെ ജിഎഡിക്ക് റെയിൽവേയുടെ അനുമതി ലഭിച്ചതായി ബന്ധപ്പെട്ടവർ നേരത്തെ വ്യക്തമാക്കിയിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
അനുമതി ലഭ്യമായതോടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കൽ, ഭൂമി ഏറ്റെടുക്കൽ, നിർമാണ ടെൻഡർ നടപടികൾ എന്നിവ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേൽപാലം യാഥാർഥ്യമായാൽ പ്രദേശത്തെ യാത്രാ ക്ലേശത്തിന് വലിയൊരളവോളം പരിഹാരമാകുമെന്നാണ് ജനങ്ങളുടെ വിശ്വാസം.
ഇതിനായുള്ള തുടർനടപടികൾ എത്രയും പെട്ടെന്ന് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

