എറണാകുളം കാവുംഭാഗം സിനഗോഗിന് എബിൻ ബി. പോൾ തീയിട്ടത് രാജ്യാന്തര ക്വട്ടേഷൻ സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിൽ നിന്നുള്ള നിർദേശപ്രകാരമെന്ന് സൂചന.
കേസിൽ അറസ്റ്റിലായ എബിൻ പോൾ, ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലെ ‘ബോസ്’ ആണ് ആക്രമണങ്ങൾക്ക് നിർദേശം നൽകിയതെന്നാണ് പൊലീസിന്റെ സംശയം.
ടെലിഗ്രാം വഴി ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞത്. സിനഗോഗിന് തീയിടുന്നതിന്റെ മുന്നോടിയായുള്ള പരിശീലനമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.
ഈ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി എബിൻ ബോസിന് അയച്ചു കൊടുത്തിരുന്നു. യൂസ്ഡ് കാർ ഷോറൂം ആക്രമിച്ചതിന് പ്രതിഫലമായി 5000 രൂപയ്ക്ക് തുല്യമായ ക്രിപ്റ്റോ കറൻസി ബോസ് അയച്ചു നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് സിനഗോഗിന് തീയിടാനുള്ള നിർദേശം മറ്റൊരു ടെലിഗ്രാം അക്കൗണ്ടിൽ നിന്നാണ് ലഭിച്ചത്. എന്നാൽ സിനഗോഗിനാണ് തീയിടുന്നതെന്ന കാര്യം ചാറ്റിൽ വ്യക്തമാക്കിയിരുന്നില്ല.
‘കൊച്ചിൻ ബ്ലോസംസ് നഴ്സറി’ എന്നു മാത്രമാണ് ലക്ഷ്യസ്ഥാനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നത്. ആക്രമണത്തിന് ശേഷം ദൃശ്യങ്ങൾ പ്രതി വീണ്ടും ബോസിന് അയച്ചു നൽകി.
രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നാണ് ചാറ്റുകൾ വന്നിരുന്നതെങ്കിലും ഇവയെല്ലാം ഒരാളുടെ നിയന്ത്രണത്തിലുള്ളതാണെന്നാണ് കരുതുന്നത്. എന്തിനാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് ‘ഐ വാണ്ട് ടു മേക് മണി’ (എനിക്ക് പണമുണ്ടാക്കണം) എന്നാണ് എബിൻ പോൾ ഉദ്യോഗസ്ഥർക്ക് നൽകിയ മറുപടി.
സുഹൃത്തുക്കൾ ഇല്ലാത്ത ഇയാൾ, മുറിയിൽ അടച്ചിരുന്നാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. മാതാപിതാക്കൾ നൽകുന്ന പണമായിരുന്നു ഇവന്റെ ഏക വരുമാനം.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു. മൂവാറ്റുപുഴയിലെ ആക്രമണ സ്ഥലങ്ങൾക്കു പുറമേ, പെട്രോൾ വാങ്ങിയ പുത്തൻകുരിശിലെ പമ്പ്, ലൈറ്റർ വാങ്ങിയ കട, എറണാകുളം സിനഗോഗ്, പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ കട
എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. സിനഗോഗിന് തീകൊളുത്താൻ ഉപയോഗിച്ച കമ്പിത്തിരി വാങ്ങിയത് 2023 ലെ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ ഗുണ്ടുകൾ വാങ്ങിയ അതേ കടയിൽ നിന്നുതന്നെയാണെന്നതും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

