തിരുവമ്പാടിയിൽ ശുചിമുറി മാലിന്യം തള്ളാൻ ശ്രമിക്കവെ പൊലീസിനെ കണ്ട് ലോറിയുമായി രക്ഷപ്പെട്ട സംഭവത്തിൽ യഥാർഥ പ്രതികളെ പൊലീസ് പിടികൂടി.
സബ് ഇൻസ്പെക്ടർ ഇ.കെ.രമ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മഞ്ചേരി വലിയതൊടി സ്വദേശി മുഹമ്മദ് ഷിബിലി (21), മൂക്കൻവീട്ടിൽ സ്വദേശി മുഹമ്മദ് സ്വാലി (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി യുസി മുക്കിനു സമീപമുള്ള തോടിന് സമീപമാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ലോറി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിവരം ലഭിച്ചയുടൻ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ലോറിയെ പിന്തുടരുകയായിരുന്നു.
എന്നാൽ പൊലീസിനെ വെട്ടിച്ച് ഏകദേശം രണ്ട് മണിക്കൂറോളം 100 കിലോമീറ്ററോളം ദൂരം അതിവേഗത്തിൽ വാഹനം ഓടിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിലെടുത്തത്.
അതിനിടെ, പൊലീസിനെ കബളിപ്പിച്ച് യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ മറ്റൊരു നീക്കവും നടന്നു. ലോറിക്കൊപ്പം എത്തിയ മറ്റ് രണ്ട് പേരാണ് യഥാർഥ പ്രതികൾ എന്ന് വരുത്തിത്തീർത്ത്, പിഴയൊടുക്കി രക്ഷപ്പെടാനാണ് ഇവർ ശ്രമിച്ചത്.
എന്നാൽ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ വാഹനം സഞ്ചരിച്ച വഴികളെക്കുറിച്ചുള്ള വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ തെളിവെടുപ്പിലാണ് പിടിയിലായവർ യഥാർഥ പ്രതികളല്ലെന്നും പൊലീസിനെ വഴിതെറ്റിക്കാൻ എത്തിയതാണെന്നും വ്യക്തമായത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനും പൊലീസിനെ ബോധപൂർവം കബളിപ്പിക്കാനും ശ്രമിച്ചതിന് ഇവർക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

