യാത്രയ്ക്കിടയിൽ ബാഗ് നഷ്ടപ്പെട്ട തങ്ങൾക്ക് തുണയായ കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പ്രശംസിച്ച് യുവാവിന്റെ സമൂഹമാധ്യമ കുറിപ്പ്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ സംഘം കാസർകോട്ടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു. 8ന് കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് 46 അംഗ സംഘം യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപാണ് കൂട്ടത്തിലെ ഒരാളുടെ ബാഗ് നഷ്ടപ്പെട്ട
വിവരം ശ്രദ്ധയിൽപ്പെട്ടത്. ലാപ്ടോപ്പും പഴ്സും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് ബാഗിലുണ്ടായിരുന്നത്.
തുടർന്ന് ട്രെയിൻ മാർഗം കാസർകോട്ടെത്തിയ സംഘം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ സംഘത്തോട് പൊലീസ് ഉദ്യോഗസ്ഥർ വളരെ ക്ഷമയോടെയും കാരുണ്യത്തോടെയുമാണ് പെരുമാറിയതെന്ന് സംഘാംഗമായ ഇടുക്കി മുരിക്കാശേരി സ്വദേശി സെൽജിൻ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കുകയും, യാത്രക്കാരുടെ മാനസിക സംഘർഷം മനസ്സിലാക്കി കാര്യങ്ങൾ ശാന്തമായി വിശദീകരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘാംഗങ്ങളും ഏറെ പ്രശംസിച്ചു.
തുടർന്ന് കാസർകോട് റെയിൽവേ പൊലീസ് ഈ പരാതി ബെംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിൽ നിന്ന് ബാഗ് എടുത്ത വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻതന്നെ വസ്തുക്കൾ തിരിച്ചുലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

